ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ജൂണില്‍?

സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് സംസ്ഥാനം സന്ദര്‍ശിച്ച തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചു.

Update: 2019-04-16 05:01 GMT

ന്യൂഡല്‍ഹി: ജൂണില്‍ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടത്താന്‍ ജമ്മു കശ്മീര്‍ ഭരണകൂടം ആഗ്രഹിക്കുന്നതായി ഉന്നതതല വൃത്തങ്ങളെ ഉദ്ധരിച്ച്് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മീഷനായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് സംസ്ഥാനം സന്ദര്‍ശിച്ച തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

മൂന്നു വഴികളാണ് തിരഞ്ഞെടുപ്പ് സമിതിയുടെ പരിഗണനയിലുള്ളത്. ചെറിയ പെരുന്നാളിനു ശേഷം ജൂണ്‍ ആറ് മുതല്‍ 24 വരെ ആറു മുതല്‍ ഏഴു ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്തുകയെന്നതാണ് ഇതില്‍ ആദ്യത്തേത്. ഇതു വഴി നോമ്പ് കാലത്തെ പ്രയാസങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കൂടാതെ, അമര്‍നാഥ് യാത്ര ആരംഭിക്കുന്ന ജൂലൈ ഒന്നിന് മുമ്പായി തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ സൈന്യത്തിന് കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താനുമാവും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച പോളിങ് ബൂത്തുകള്‍ നിയമസഭാ തിരഞ്ഞെടുപ്പിനും ഉപയോഗിക്കാനാവുമെന്ന മെച്ചവും ഇതിനുണ്ട്.

കേന്ദ്ര സേന സംസ്ഥാനത്തുള്ളതിനാല്‍ സ്ഥാനാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്താനുമാകുമെന്നും അധികൃതര്‍ കണക്ക് കൂട്ടുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിന് നിലവില്‍ 450 കമ്പനി സൈന്യം സംസ്ഥാനത്ത് തമ്പടിച്ചിട്ടുള്ളത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുമ്പിലുള്ള മറ്റൊരു വഴി മെയ് 15നും ജൂണ്‍ 15 നും ഇടയില്‍ വോട്ടെടുപ്പ് നടത്തുകയെന്നതാണ്. അതേസമയം, സപ്തംബറില്‍ തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യവും അധികൃതരുടെ പരിഗണനയിലുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.87 നിയമസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനം ഇപ്പോള്‍ രാഷ്ട്രപതി ഭരണത്തിന് കീഴിലാണ്. കഴിഞ്ഞ ഡിസംബറിലാണ് ഇവിടെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.സംസ്ഥാനത്തെ ആകെയുള്ള നിയമസഭാ മണ്ഡലങ്ങളില്‍ 46ഉം കശ്മീര്‍ മേഖലയിലാണ്. സംസ്ഥാനത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് അഞ്ചാംഘട്ടങ്ങളിലായാണ്.

Tags:    

Similar News