ജമ്മുകശ്മീര്‍: പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ ഗുപ്കര്‍ സഖ്യ നേതാക്കള്‍ പങ്കെടുക്കും

തങ്ങളുടെ അജണ്ടകള്‍ യോഗത്തില്‍ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും മുന്നില്‍ അവതരിപ്പിക്കും. ജമ്മുകശ്മീരിലെ ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുമെന്നും യോഗത്തിന് ശേഷം നേതാക്കള്‍ പറഞ്ഞു.

Update: 2021-06-22 09:12 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ ഗുപ്കര്‍ സഖ്യം പങ്കെടുക്കും. ഇന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ലയുടെ വസതിയില്‍ നടന്ന യോഗത്തിലാണ് പാര്‍ട്ടികള്‍ ഇത് സംബന്ധിച്ച് നിര്‍ണായക തിരുമാനം കൈക്കൊണ്ടത്. പിഡിപി മേധാവി മെഹബൂബ മുഫ്തി, മുഹമ്മദ് യൂസഫ് തരിഗാമി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പം യോഗത്തില്‍ താനും പങ്കെടുക്കുമെന്ന് ഫാറൂഖ് അബ്ദുല്ല പ്രതികരിച്ചു.

തങ്ങളുടെ അജണ്ടകള്‍ യോഗത്തില്‍ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും മുന്നില്‍ അവതരിപ്പിക്കും. ജമ്മുകശ്മീരിലെ ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുമെന്നും യോഗത്തിന് ശേഷം നേതാക്കള്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്ന് ഗുപ്കര്‍ സഖ്യഅംഗം മുസാഫര്‍ ഷാ പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാര്‍ പാകിസ്താനുമായി ചര്‍ച്ച ആരംഭിക്കണമെന്ന് പിഡിപി നേതാവ് മെഹ്ബൂബ മുഫ്ത്തി കൂട്ടിച്ചേര്‍ത്തു. ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ഗുപ്കര്‍ സഖ്യം (പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍) രൂപവത്കരിച്ചത്. കശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏഴ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളാണ് സഖ്യത്തിലുള്ളത്.

ഈ മാസം 24നാണ് പ്രധാനമന്ത്രി സര്‍വ്വകക്ഷി യോഗം വിളിച്ചത്.നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറുഖ് അബ്ദുല്ല, മകന്‍ ഒമര്‍ അബ്ദുല്ല, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി, കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, താരാ ചന്ദ്, പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് മുസാഫര്‍ ഹുസൈന്‍ ബേഗ്, സിപിഎം നേതാവ് യൂസഫ് തരിഗാമി തുങ്ങി കാശ്മീരിലെ 11 കക്ഷികളിലെ 16 നേതാക്കളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

ജമ്മുകാശ്മീരിലെ ഭാവി നടപടികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം. കാശ്മീരിന്റെ അതിര്‍ത്തി നിര്‍ണയം സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച നടക്കും. അസംബ്ലി, ലോക്‌സഭ മണ്ഡലങ്ങള്‍ വേര്‍തിരിക്കലാണ് അതിര്‍ത്തി നിര്‍ണയത്തിന്റെ ഉദ്ദേശം. ഇത് സംബന്ധിച്ച് തിരുമാനമായാല്‍ മാത്രമേ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭിക്കാനാകു.

Tags:    

Similar News