ഉചിതമായ സമയത്ത് ജമ്മുകശ്മീരിന് സംസ്ഥാന പദവി: അമിത്ഷാ
ജമ്മുകശ്മീര്‍ പുനസംഘടന ഭേദഗതി ബില്ലില്‍ നടന്ന ചര്‍ച്ചയിലാണ് അമിത്ഷാ ഇക്കാര്യം അറിയിച്ചത്.
ന്യൂഡല്‍ഹി: ഉചിതമായ സമയത്ത് തന്നെ ജമ്മു കാശ്മീരിന് സംസ്ഥാന പദവി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജമ്മുകശ്മീര്‍ പുനസംഘടന ഭേദഗതി ബില്ലില്‍ നടന്ന ചര്‍ച്ചയിലാണ് അമിത്ഷാ ഇക്കാര്യം അറിയിച്ചത്. ഈ ബില്‍ കൊണ്ടുവന്നാല്‍ ജമ്മുകാശ്മീരിന് സംസ്ഥാന പദവി ഒരിക്കലും ലഭിക്കില്ലെന്ന് ചില എംപിമാര്‍ പറയുന്നുണ്ടെന്നും കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് അമിത് ഷാ ആരോപിച്ചു.
അത്തരൊമൊരു ഉദ്ദേശം ഈ ബില്ലില്‍ ഇല്ല. സംസ്ഥാന പദവിയും ബില്ലും തമ്മില്‍ ബന്ധമില്ലെന്നും പദവി ലഭിക്കില്ലെന്ന് ബില്ലില്‍ എവിടെയും എഴുതിയിട്ടില്ലെന്നും അമിത് ഷാ വ്യക്തമാക്കി. എന്തുകൊണ്ട് ചിലര്‍ മറിച്ചൊരു നിഗമനത്തിലേക്ക് എത്തുന്നതെന്ന് മനസിലാകുന്നില്ല. ഉചിതമായ സമയത്ത് ജമ്മുകാശ്മീരിന് സംസ്ഥാന പദവി ലഭിക്കുമെന്നും അമിതാഷാ പറഞ്ഞു.
മറ്റ് കേന്ദ്ര ഭരണപ്രദേശങ്ങള്‍ സംസ്ഥാന പദവി പിന്നീട് നേടിയിട്ടുണ്ടല്ലോ. പിന്നെ എന്തുകൊണ്ടാണ് ജമ്മുകശ്മീര്‍ വ്യത്യാസപ്പെട്ടിരിക്കുന്നതെന്നും അമിത് ഷാ ചോദിച്ചു. 2022ആകുമ്പോഴേക്കും ഏകദേശം 25,000 പേര്‍ക്ക് സര്‍ക്കാര്‍ ജോലി ജമ്മുകാശ്മീരില്‍ നല്‍കുമെന്നും അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു.