ജാവേദ് മുഹമ്മദ് ഡിയോറിയ ജയിലില്‍; കുടുംബാംഗങ്ങള്‍ സന്ദര്‍ശിച്ചതായി അഫ്രീന്‍ ഫാത്തിമ
ന്യൂഡല്‍ഹി: പ്രവാചക നിന്ദക്കെതിരേ നടന്ന പ്രതിഷേധത്തിന്റെ പേരില്‍ ഉത്തര്‍ പ്രദേശ് പോലിസ് കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ജാവേദ് മുഹമ്മദ് യുപിയിലെ ഡിയോറിയ ജയിലില്‍ ഉള്ളതായി കുടുംബം സ്ഥിരീകരിച്ചു. വിദ്യാര്‍ഥി നേതാവും ജാവേദ് മുഹമ്മദിന്റെ മകളുമായ അഫ്രീന്‍ ഫാത്തിമയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 'ഞങ്ങള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും, ഡിയോറിയ ജയിലില്‍ ജനാബ് ജാവേദ് മുഹമ്മദിനെ കണ്ടെത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. എന്റെ കുടുംബാംഗങ്ങള്‍ക്ക് ഇന്ന് അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞു'. അഫ്രീന്‍ ഫാത്തിമ ട്വീറ്റ് ചെയ്തു.
Though there has been no official confirmation given to us, we have been able to locate Abbu, Janab Javed Muhammad, in Deoria jail. Members of my family were able to meet him today. Alhamdulillah.
— Afreen Fatima (@AfreenFatima136) June 21, 2022
പ്രവാചക നിന്ദക്കെതിരേ നടന്ന പ്രതിഷേധത്തിന്റെ പേരില്‍ ജാവേദ് മുഹമ്മദിന്റെ വീട് യുപി ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു. യുപി പോലിസ് അറസ്റ്റ് ചെയ്ത ജാവേദ് മുഹമ്മദിനെ കുറിച്ച് വീട്ടുകാര്‍ക്കും അഭിഭാഷകനും യാതൊരു വിവരവും ലഭ്യമല്ലെന്നും അദ്ദേഹത്തിന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും കഴിഞ്ഞ ദിവസം ജാവേദിന്റെ ഭാര്യ പര്‍വീന്‍ ഫാത്തിമ അറിയിച്ചിരുന്നു.
ജാവേദ് മുഹമ്മദിനെ നൈനി സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് കുടുംബത്തിന് ആദ്യം ലഭിച്ച വിവരം. എന്നാല്‍, നൈനി സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ വിവരം നല്‍കാന്‍ തയ്യാറാവുന്നില്ല. അദ്ദേഹം എവിടെയാണെന്ന് പോലും ഭരണകൂടവും പോലിസും വിവരം നല്‍കുന്നില്ലെന്ന് ജാവേദ് മുഹമ്മദിന്റെ ഭാര്യ പര്‍വീന്‍ ഫാത്തിമ കത്തില്‍ ചൂണ്ടിക്കാട്ടി.
ജൂണ്‍ 11നാണ് ജാവേദ് മുഹമ്മദിനെ നിയമവിരുദ്ധമായി യുപി പോലിസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് നൈനി സെന്‍ട്രല്‍ ജയിലില്‍ അടക്കുകയും അദ്ദേഹത്തിനെതിരേ നിരവധി കള്ളക്കേസുകള്‍ ചുമത്തുകയായിരുന്നു. എന്നാല്‍, ജാവേദ് നൈനി സെന്‍ട്രല്‍ ജയിലില്‍ എല്ലെന്നാണ് ജയില്‍ അധികൃതര്‍ ഇപ്പോള്‍ പറയുന്നത്. പര്‍വീന്‍ ചൂണ്ടിക്കാട്ടി. ഇന്നലെ രാവിലെ മുതല്‍ ജയില്‍ അധികൃതരുമായും അലഹാബാദ് ജില്ലാ ഭരണകൂടവുമായും ബന്ധപ്പെടുന്നുണ്ടെന്നും എന്നാല്‍, വിവരം കൈമാറാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ജാവേദ് മുഹമ്മദിനേയും സഹ തടവുകാരേയും യുപിയിലെ വിവിധ ജയിലുകളിലേക്ക് മാറ്റിയതായും വിവരം പുറത്തു വരുന്നുണ്ട്. ഇതിനിടേയാണ് ഇന്ന് ഡിയോറിയ ജയിലില്‍ അദ്ദേഹത്തെ കണ്ടെത്തിയത്.