ഇബ്രാഹിമി മസ്ജിദ് ജൂതവല്‍ക്കരിക്കാന്‍ ഇസ്രായേല്‍; എതിര്‍പ്പുമായി ഫലസ്തീന്‍ മുഫ്തി
ജൂതകുടിയേറ്റക്കാരുടെ പള്ളിയിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിന് ഇസ്രായേലി അധിനിവേശ അധികൃതര്‍ പാസേജുകളും ഇടനാഴികളും നിര്‍മ്മിക്കാനും ഒരു എലിവേറ്റര്‍ സ്ഥാപിക്കാനും പദ്ധതിയിടുകയാണെന്ന് മുഫ്തി പ്രസ്താവനയില്‍ പറഞ്ഞു.
ജെറുസലേം: അധിനിവിഷ്ട വെസ്റ്റ് ബാങ്ക് നഗരമായ ഹെബ്രോണിലെ ഇബ്രാഹിമി മസ്ജിദ് ജൂതവല്‍ക്കരിക്കാനുള്ള നീക്കം ശക്തമാക്കി ഇസ്രായേല്‍. എന്നാല്‍, സിയോണിസ്റ്റ് രാജ്യത്തിന്റെ ഗൂഢനീക്കങ്ങള്‍ക്കെതിരേ അണിനിരക്കാന്‍ ജെറുസലേമിലെ ഫലസ്തീന്‍ മുഫ്തി ഷെയ്ഖ് മുഹമ്മദ് ഹുസൈന്‍ ആഹ്വാനം ചെയ്തു.
ജൂതകുടിയേറ്റക്കാരുടെ പള്ളിയിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിന് ഇസ്രായേലി അധിനിവേശ അധികൃതര്‍ പാസേജുകളും ഇടനാഴികളും നിര്‍മ്മിക്കാനും ഒരു എലിവേറ്റര്‍ സ്ഥാപിക്കാനും പദ്ധതിയിടുകയാണെന്ന് മുഫ്തി പ്രസ്താവനയില്‍ പറഞ്ഞു. പള്ളി അങ്കണത്തിലെ 300 ചതുരശ്ര മീറ്റര്‍ നിയമവിരുദ്ധമായി പിടിച്ചെടുക്കുകയെന്നതാണ് ഈ പദ്ധതി കൊണ്ട് അര്‍ത്ഥമാക്കുന്നതെന്നും മുഫ്തി കുറ്റപ്പെടുത്തി.
ഇതു മുസ്‌ലിം ഭൂസ്വത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും വിശുദ്ധ സ്ഥലങ്ങളും ആരാധന സ്വാതന്ത്ര്യവും സംരക്ഷിക്കുന്ന അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
അധിനിവേശ അധികൃതരുടെ ഏറ്റവും ഒടുവിലത്തെ നീക്കങ്ങള്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ഈ ക്ഷുദ്ര പദ്ധതികള്‍ മുസ്‌ലിം പള്ളികളിലും സ്വത്തുക്കളിലുമുള്ള അവകാശത്തെ മാറ്റില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അധിനിവേശ രാജ്യം തങ്ങളുടെ ജൂതവല്‍ക്കരണ നീക്കങ്ങള്‍ അടിച്ചേല്‍പ്പിച്ച് മുന്നോട്ട് പോവുകയാണ്. അധിനിവിഷ്ട പ്രദേശങ്ങളിലെ ജൂതവല്‍ക്കരണ നയത്തിന്റെ ഭാഗമായി ഫലസ്തീനിലെ എല്ലാ ഇസ്‌ലാമിക പുണ്യസ്ഥലങ്ങള്‍ കൈവശപ്പെടുത്താനുള്ള നീക്കമാണിത്.
ഇബ്രാഹിമി പള്ളി പിടിച്ചെടുക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. 2017ല്‍ ഇബ്രാഹിമി പള്ളിയും ഹെബ്രോണ്‍ പഴയ നഗരവും യുനെസ്‌കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന.ു
ഇസ്രായേലി സിവില്‍ അഡ്മിനിസ്‌ട്രേഷന്റെ മേല്‍നോട്ടത്തില്‍ ഇസ്രായേലി സുരക്ഷാ മന്ത്രാലയത്തിന്റെ എഞ്ചിനീയറിങ് ആന്റ് കണ്‍സ്ട്രക്ഷന്‍ വിഭാഗമാണ് ജൂത വല്‍ക്കരണ പദ്ധതി നടത്തുന്നത്. ഇത് ഏകദേശം ആറുമാസം നീണ്ടുനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.