ന്യൂയോര്‍ക്കില്‍ ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധം: നൂറുകണക്കിന് ജൂതന്മാര്‍ അറസ്റ്റില്‍
അമേരിക്കയിലെ പ്രതിരോധ ഇടപാടുകാര്‍ക്കും ആയുധനിര്‍മാതാക്കള്‍ക്കുമെതിരായ രോഷപ്രകടനവും പ്രതിഷേധക്കാര്‍ ഉയര്‍ത്തി.
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച ഇരുന്നൂറിലേറെ ഫലസ്തീന്‍ അനുകൂല ആക്ടിവിസ്റ്റുകളെ പോലിസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവരിലധികവും ജുവിഷ് വോയ്‌സ് ഫോര്‍ പീസ് പോലെയുള്ള ജൂത ഗ്രൂപ്പുകളില്‍ പെട്ടവരാണ്. ഇസ്രായേല്‍ ഗസയില്‍ തുടരുന്ന യുദ്ധത്തിന് അമേരിക്ക നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വാള്‍സ്ട്രീറ്റിനു സമീപമുള്ള സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനു മുന്നില്‍ 'ഗസയെ ജീവിക്കാന്‍ അനുവദിക്കുക', 'വംശഹത്യക്ക് ഫണ്ട് നല്‍കുന്നത് നിര്‍ത്തുക' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാര്‍ മുഴക്കിയത്.
സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനുള്ളിലേക്ക് പ്രവേശിച്ചില്ലെങ്കിലും പോലിസ് ബാരിക്കേഡ് മുറിച്ചു കടന്ന് പ്രതിഷേധക്കാര്‍ മുന്നേറി. അഞ്ഞൂറോളം പേര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തിരുന്നെങ്കിലും 206 പേരെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്ന് പോലിസ് പറഞ്ഞു.
അമേരിക്കയിലെ പ്രതിരോധ ഇടപാടുകാര്‍ക്കും ആയുധനിര്‍മാതാക്കള്‍ക്കുമെതിരായ രോഷപ്രകടനവും പ്രതിഷേധക്കാര്‍ ഉയര്‍ത്തി. ലെബനാനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തെ എതിര്‍ത്തും അവര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നു. നൂറുകണക്കിന് ജൂതന്മാരും അവരുടെ സുഹൃത്തുക്കളും ചേര്‍ന്ന പ്രതിഷേധക്കാര്‍ വംശഹത്യയില്‍ നിന്ന് ലാഭം കൊയ്യുന്ന ഇസ്രായേലിന് അമേരിക്ക ആയുധ സഹായം നല്‍കുന്നത് നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.