ആള്‍ക്കൂട്ട കൊലകള്‍ക്ക് വധശിക്ഷ; നിയമം കടുപ്പിക്കാനൊരുങ്ങി ജാര്‍ഖണ്ഡ്
ആള്‍ക്കൂട്ട ആക്രമണത്തില്‍ പരിക്കേല്‍ക്കുന്ന സംഭവത്തില്‍ തടവ് ശിക്ഷയും പ്രതികള്‍ക്ക് കനത്ത പിഴയും ബില്ല് ശുപാര്‍ശ ചെയ്യുന്നുണ്ട്.
റാഞ്ചി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വാര്‍ത്തയല്ലാതെ ആയി മാറുകയും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പ്രതികള്‍ നിയമത്തിന്റെ കൈകളില്‍നിന്നു ഊരിപ്പോവുകയും ചെയ്യുന്നത് പതിവ് വാര്‍ത്തകളാണ്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരേ സുപ്രിംകോടതി വരെ കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിച്ചിട്ടും ഇതിന് തടയിടാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ചെറുവിരലനക്കിയിരുന്നില്ല.
എന്നാല്‍, ആള്‍ക്കൂട്ട കൊല അവസാനിപ്പിക്കാന്‍ കടുത്ത നടപടികളുമായി മുന്നോട്ട് വന്നിരിക്കുകയാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍. ആള്‍ക്കൂട്ട കൊലപാതക കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നിര്‍ദേശിക്കുന്ന ബില്ല് അടുത്ത നിമയസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ജാര്‍ഖണ്ഡ് ആള്‍ക്കൂട്ട ആക്രമണം തടയല്‍ ബില്ല് 2021 എന്ന പേരിലാണ് പുതിയ നിയമം വരുന്നത്. ആള്‍ക്കൂട്ട ആക്രമണത്തില്‍ പരിക്കേല്‍ക്കുന്ന സംഭവത്തില്‍ തടവ് ശിക്ഷയും പ്രതികള്‍ക്ക് കനത്ത പിഴയും ബില്ല് ശുപാര്‍ശ ചെയ്യുന്നുണ്ട്.
ഡിസംബര്‍ 16 മുതല്‍ 22 വരെയാണ് നിയമസഭാ സമ്മേളനം. ഈ സമ്മേളനത്തില്‍ ബില്ല് സഭയില്‍ അവതരിപ്പിക്കും. പാസാക്കിയാല്‍ രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരുന്ന മൂന്നാമത്തെ സംസ്ഥാനമായി മാറും ജാര്‍ഖണ്ഡ്. നേരത്തെ ബംഗാളും രാജസ്ഥാനും നിയമം പാസാക്കിയിരുന്നു.
നിരവധി ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടന്ന സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. 24കാരനായ തബ്രീസ് അന്‍സാരിയെ കെട്ടിയിച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം ദേശീയതലത്തില്‍ ചര്‍ച്ചയായിരുന്നു. അന്‍സാരിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ജയ് ശ്രീറാം, ജയ് ഹനുമാന്‍ എന്നിങ്ങളെ വിളിക്കാന്‍ നിര്‍ബന്ധിച്ച് അന്‍സാരിയെ അക്രമികള്‍ മര്‍ദ്ദിക്കുന്ന വീഡിയോ ആണ് പ്രചരിച്ചിരുന്നത്.
മാന്യതയോടെ ജിവിക്കാനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ആള്‍ക്കൂട്ട ആക്രമണക്കേസിലെ കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. ആക്രമണങ്ങളുടെ ഭാഗമാകുന്നവര്‍ക്ക് മൂന്നു ലക്ഷത്തില്‍ താഴെ പിഴ ഈടാക്കാന്‍ അനുമതി നല്‍കുന്ന ബില്ലാണ് വരുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിനും ഇത്തരം കേസുകള്‍ പരിശോധിക്കുന്നതിനും ഒരു നോഡല്‍ ഓഫിസറെ നിയമിക്കും. ഐജിയുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനായിരിക്കും നോഡല്‍ ഓഫിസര്‍. സംസ്ഥാന പോലിസ് മേധാവിയാണ് നോഡല്‍ ഓഫിസറെ നിയമിക്കുക. മാസത്തിലൊരിക്കല്‍ ഓഫിസറുടെ കീഴില്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ക്കണം. ഇത്തരം സംഭവങ്ങളുടെ വാര്‍ത്തകള്‍ വന്നാല്‍ സ്വമേധയാ കേസെടുക്കാന്‍ നോഡല്‍ ഓഫിസര്‍ക്ക് അധികാരമുണ്ടാകും. സോഷ്യല്‍ മീഡിയയില്‍ ആക്രമണ വീഡിയോകള്‍ പ്രചരിപ്പിക്കുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റമായി മാറും.