''കുടത്തിലെ സ്വര്‍ണം ആറ് മാസത്തിന് മുമ്പ് എടുത്താല്‍ മണ്ണാവും'' ; ജിന്നുമ്മയുടെ തന്ത്രങ്ങള്‍ വെളിപ്പെടുത്തി പോലിസ്
ചൈനയില്‍ എംബിബിഎസിന് പഠിക്കുന്ന ബന്ധുവിന് പരീക്ഷ പാസാകാന്‍ മന്ത്രവാദം നടത്തിയാല്‍ മതിയെന്ന് ഷമീന പറഞ്ഞു
കാഞ്ഞങ്ങാട്: പ്രവാസി വ്യവസായി പൂച്ചക്കാട്ടെ എം സി അബ്ദുള്‍ഗഫൂര്‍ ഹാജിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പോലിസ്. ഇരട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് ഗഫൂര്‍ ഹാജിയില്‍ നിന്ന് പലതവണയായി വാങ്ങിയ സ്വര്‍ണം കുടത്തില്‍ അടച്ചുവച്ചിരിക്കുകയാണെന്നാണ് രണ്ടാം പ്രതി ഷമീന എന്ന ജിന്നുമ്മ ഗഫൂര്‍ ഹാജിയെ അറിയിച്ചത്.
കൊല നടന്ന ദിവസവും ഗഫൂര്‍ ഹാജിയില്‍ നിന്ന് ജിന്നുമ്മയും സംഘവും സ്വര്‍ണം തട്ടിയിരുന്നു. ആറുമാസത്തിനുള്ളില്‍ കുടം തുറന്നാല്‍ അതിനകത്തെ സ്വര്‍ണം മണ്ണാകുമെന്നും കര്‍ണാടകത്തിലെ പാത്തുട്ടി എന്ന പെണ്‍കുട്ടിയുടെ ആത്മാവ് ശരീരത്തില്‍ ''കയറിയ'' ശേഷം ജിന്നുമ്മ പറഞ്ഞുവത്രെ.
സ്വര്‍ണം ഇരട്ടിപ്പിക്കുന്ന മന്ത്രവാദത്തിന് പുറമെ മുമ്പും ജിന്നുമ്മ ഗഫൂര്‍ ഹാജിയെ വഞ്ചിച്ചിരുന്നതായും പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ചൈനയില്‍ എംബിബിഎസിന് പഠിക്കുന്ന ബന്ധുവിന് പരീക്ഷ പാസാകാന്‍ മന്ത്രവാദം നടത്തിയാല്‍ മതിയെന്ന് ഷമീന പറഞ്ഞു. ഇത് വിശ്വസിച്ച് അതുപോലെ കാര്യങ്ങള്‍ നടത്തുകയും ചെയ്തു. ഇതിന് പ്രതിഫലമായി ഡയമണ്ട് നെക്ക്‌ലേസാണ് ജിന്നുമ്മ കൈക്കലാക്കിയത്. ഒന്നരലക്ഷം രൂപ വിലമതിക്കുന്ന നെക്ക്‌ലേസ് തനിക്ക് സമ്മാനമായി നല്‍കിയതാണെന്നാണ് ഷമീന മൊഴി നല്‍കിയിരിക്കുന്നത്.