മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ഹിന്ദുത്വരുടെ ആക്രമണത്തില്‍ ട്വീറ്റ്: 'ശത്രുത വളര്‍ത്തിയതിന്' റിപോര്‍ട്ടര്‍ക്കും ന്യൂസ് പോര്‍ട്ടലിനും എതിരേ പോലിസ് കേസ്

Update: 2022-04-04 14:37 GMT

ന്യൂഡല്‍ഹി: ഞായറാഴ്ച ഡല്‍ഹിയിലെ ബുറാറിയില്‍ തീവ്ര ഹിന്ദുത്വ വാദികള്‍ നടത്തിയ ഹിന്ദു മഹാപഞ്ചായത്തിനിടെ 'ജിഹാദി' വിളികളുമായി മുസ്‌ലിം മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ ട്വീറ്റ് ചെയ്തതിന് സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയെന്നാരോപിച്ച് മാധ്യമ പ്രവര്‍ത്തകനും ന്യൂസ് പോര്‍ട്ടലിനുമെതിരേ കേസെടുത്ത് പോലിസ്.

ദി ഹിന്ദുസ്ഥാന്‍ ഗസറ്റിലെ മീര്‍ ഫൈസലിനും വാര്‍ത്താ വെബ്‌സൈറ്റ് ആര്‍ട്ടിക്കിള്‍ 14നുമെതിരേയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഞായറാഴ്ച നഗരത്തിലെ ബുരാരി ഏരിയയില്‍ നടന്ന 'ഹിന്ദു മഹാപഞ്ചായത്ത്' എന്ന പരിപാടിയില്‍ ആക്രമിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരില്‍ ഫൈസലും ഉള്‍പ്പെടുന്നു. താനും ഫോട്ടോ ജേര്‍ണലിസ്റ്റായ മുഹമ്മദ് മെഹര്‍ബാനും 'തങ്ങളുടെ മുസ്‌ലിം സ്വത്വം കാരണം ഹിന്ദു ആള്‍ക്കൂട്ടം മര്‍ദിച്ചതായി' ഫൈസല്‍ ഞായറാഴ്ച ട്വീറ്റ് ചെയ്തിരുന്നു. അവര്‍ തങ്ങളെ 'ജിഹാദികള്‍' എന്ന് വിളിച്ചിരുന്നതായും അദ്ദേഹം ആരോപിച്ചു. നാല് മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള അഞ്ച് മാധ്യമപ്രവര്‍ത്തകരെ ഒരു ജനക്കൂട്ടം അവരുടെ മതം കണ്ടെത്തി ആക്രമിച്ചതിന് ശേഷം പോലീസ് കൊണ്ടുപോയതായി ആര്‍ട്ടിക്കിള്‍ 14 ഒരു ട്വീറ്റില്‍ പറഞ്ഞിരുന്നു. വര്‍ഗങ്ങള്‍ക്കിടയില്‍ ശത്രുതയോ വിദ്വേഷമോ ദുരുദ്ദേശ്യമോ ഉണ്ടാക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയ പ്രസ്താവനകള്‍ കൈകാര്യം ചെയ്യുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 505 (2) പ്രകാരമാണ് ഫൈസലിനും ആര്‍ട്ടിക്കിള്‍ 14 നും എതിരേ പോലിസ് കേസെടുത്തത്.

പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഴ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് പരിപാടിക്കിടെ ആള്‍ക്കൂട ആക്രമണമുണ്ടായത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസ് ഇവരെ രക്ഷപ്പെടുത്തി പുറത്തെത്തിക്കുകയായിരുന്നു.അഞ്ച് മാധ്യമപ്രവര്‍ത്തകരില്‍ നാലുപേരും മുസ്‌ലിംകളായിരുന്നു.

അവരുടെ പേരുവിവരങ്ങള്‍ ചോദിച്ച ശേഷമാണ് ആക്രമിക്കപ്പെട്ടത്. ദി ഹിന്ദുസ്ഥാന്‍ ഗസറ്റിലെ മീര്‍ ഫൈസല്‍, ഫോട്ടോ ജേര്‍ണലിസ്റ്റ് എം ഡി മെഹര്‍ബാന്‍, ന്യൂസ് ലൗണ്ട്രി മാധ്യമപ്രവര്‍ത്തകരായ ശിവാംഗി സക്‌സേന, റോണക് ഭട്ട് എന്നിവരെയാണ് പരിപാടിയില്‍ ആക്രമിക്കപ്പെട്ടത്. ആര്‍ട്ടിക്കിള്‍ 14ന് വേണ്ടി പരിപാടി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന അര്‍ബാബ് അലി, ദി ക്വിന്റിലെ റിപ്പോര്‍ട്ടര്‍ മേഘ്‌നാദ് ബോസ്, മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ എന്നിവരെ വാക്കാല്‍ അധിക്ഷേപിക്കുകയും ചെയ്തു.

Tags:    

Similar News