ന്യൂഡല്‍ഹി: വഖ്ഫ് നിയമഭേദഗതി ബില്ല് ചര്‍ച്ച ചെയ്യുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയുടെ കാലാവധി നീട്ടാന്‍ തീരുമാനം. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസം വരെ സമയം നീട്ടി നല്‍കാന്‍ സ്പീക്കര്‍ ഓം ബിര്‍ളക്ക് കത്ത് നല്‍കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി യോഗം തീരുമാനിച്ചു. ഈ മാസം 29നാണ് സമിതി റിപോര്‍ട്ട് നല്‍കേണ്ടിയിരുന്നതെങ്കിലും പ്രതിപക്ഷ അംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് സമയം നീട്ടി ചോദിക്കാന്‍ സമിതി തീരുമാനിച്ചത്. ലോക്‌സഭാ സ്പീക്കര്‍ ഇന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
വഖ്ഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ കക്ഷികളുടെ വാദങ്ങള്‍ കേള്‍ക്കേണ്ടതുണ്ടെന്ന് സമിതി ചെയര്‍മാനും ബിജെപി നേതാവുമായ ജഗദാംബിക പാല്‍ പറഞ്ഞു. വഖ്ഫുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഉള്ള ആറു സംസ്ഥാനങ്ങളുടെ നിലപാടുകള്‍ ആണ് പ്രധാനമായും കേള്‍ക്കാനുള്ളത്.
'' ഇന്ന് ഞങ്ങള്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തോട് ചില ചോദ്യങ്ങള്‍ ചോദിച്ചു. അവര്‍ അതിന് ഉത്തരം നല്‍കണം. 1911 മുതല്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന 123 വസ്തുക്കളുണ്ട്. അവ വഖ്ഫ് സ്വത്താണെന്നാണ് വഖ്ഫ് ബോര്‍ഡ് പറയുന്നത്.അതിനാല്‍ നഗരവികസന മന്ത്രാലയത്തിന്റെയും ഡല്‍ഹി വികസന അതോറിറ്റിയുടെയും നിലപാട് അറിയണം. ഒഡീഷ, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങി ആറ് സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകള്‍ വഖ്ഫ് വസ്തുക്കള്‍ ഉപയോഗിക്കുന്നതായി പറയപ്പെടുന്നു. അതിനാല്‍ അവരുടെ ചീഫ് സെക്രട്ടറിമാരുടെയും ന്യൂനപക്ഷ വകുപ്പുകളുടെയും നിലപാട് അറിയണം''- ജഗദാംബിക പാല്‍ പറഞ്ഞു.