കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഡി കെ ബസു അന്തരിച്ചു
വ്യക്തികളെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കൊണ്ടുള്ള സുപ്രിംകോടതിയുടെ സുപ്രധാന വിധിയിലെ ഹരജിക്കാരനില്‍ ഒരാളായിരുന്നു ഡി കെ ബസു.
കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഡി കെ ബസു അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 3.20ന് പിയര്‍ലെസ് ആശുപത്രിയിലായിരുന്നു അന്ത്യം. വ്യക്തികളെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കൊണ്ടുള്ള സുപ്രിംകോടതിയുടെ സുപ്രധാന വിധിയിലെ ഹരജിക്കാരനില്‍ ഒരാളായിരുന്നു ഡി കെ ബസു.
കൊല്‍ക്കത്ത ഹൈക്കോടതിയിലും സുപ്രിം കോടതിയിലും അഭിഭാഷകനായിട്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. തുടര്‍ന്ന് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു.ലീഗല്‍ എയ്ഡ് സര്‍വീസസ് പശ്ചിമ ബംഗാളിന്റെ (എല്‍എഎസ്ഡബ്ല്യുഇബ്) ചെയര്‍മാനായിരുന്നു. നാഷണല്‍ ലീഗല്‍ എയ്ഡ് സര്‍വീസസ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം.
സുപ്രിംകോടതിയിലേയും ഹൈക്കോടതിയിലേയും റിട്ട.ജസ്റ്റിസുമാരുടെ സമിതിയുടെ സ്ഥാപകനാണ്. പശ്ചിമ ബംഗാളിലെ അസോസിയേഷന്‍ ഓഫ് റിട്ടയേര്‍ഡ് ജസ്റ്റിസുമാരുടെ സ്ഥാപക പ്രസിഡന്റാണ് ജസ്റ്റിസ് ബസു. 2006 ഫെബ്രുവരിയില്‍ ഏഷ്യന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഹോങ്കോങില്‍ സംഘടിപ്പിച്ച നിയമവാഴ്ചയെക്കുറിച്ചുള്ള ഏഷ്യന്‍ ചാര്‍ട്ടര്‍ സംബന്ധിച്ച ഉച്ചകോടിയില്‍ ഇദ്ദേഹം സംബന്ധിച്ചിരുന്നു.