ഭോപ്പാല്‍: നരേന്ദ്രമോദിയുമായും അമിത്ഷായുമായും കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടു. രാജിക്കത്ത് എഐസിസി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഫാക്‌സ് വഴി കൈമാറി. ഇതിനുപിന്നാലെ സിന്ധ്യയെ അനുകൂലിക്കുന്ന 14 എംഎല്‍എമാരും രാജിവച്ചു. ബംഗളൂരുവിലെ ഹോട്ടലില്‍ കഴിയുന്ന എംഎല്‍എമാരാണ് രാജിവച്ചത്. ജ്യോതിരാദിത്യ സിന്ധ്യ സോണിയാ ഗാന്ധിക്ക് നല്‍കിയ കത്തില്‍ മാര്‍ച്ച് ഒമ്പത് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തന്റെ നാട്ടുകാരെ സേവിക്കുകയെന്ന ലക്ഷ്യത്തോടെ ഇനിയും കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനാവുമെന്ന് കരുതുന്നില്ലെന്നതിനാല്‍ 18 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വം രാജിവയ്ക്കുന്നതായാണു കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇദ്ദേഹം ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപോര്‍ട്ടുകള്‍. നാലുതവണ എംപിയും ഒരുതവണ കേന്ദ്ര മന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവ് പ്രമുഖ കോണ്‍ഗ്രസ് നേതാവ് മാധവ്‌റാവു സിന്ധ്യയാണ്. പതിനഞ്ചാം ലോകസഭയില്‍ മധ്യപ്രദേശിലെ ഗുണ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് എംപിയായത്. 2002ല്‍ പിതാവിന്റെ മരണശേഷം പാര്‍ലെമെന്റിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ 2004, 2009, 2014 തിരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിച്ചു. 2007 ല്‍ ഒന്നാം മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ ടെലികോം വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രിയായി. 2009ല്‍ രണ്ടാം മന്‍മോഹന്‍ സിങ് സര്‍ക്കാരിലും സഹമന്ത്രിയായ സിന്ധ്യ 2012 ഒക്ടോബറില്‍ ഊര്‍ജ വകുപ്പിന്റെ സ്വത്രത്ര ചുമതലയുള്ള സഹമന്ത്രിയായി.
മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥുമായുണ്ടായ അഭിപ്രായഭിന്നതയാണ് രാജിയിലേക്കു കലാശിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പേ തര്‍ക്കമുണ്ടായിരുന്നെങ്കിലും നേതൃത്വം ഇടപെട്ട് ഒതുക്കുകയായിരുന്നു. ഇപ്പോള്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് തന്നെ പിന്തുണയ്ക്കുന്ന 20ഓളം എംഎല്‍എമാരോടോപ്പം ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിടുന്നത്. ഇതോടെ, കമല്‍നാഥ് സര്‍ക്കാരിന് അധികാരം നഷ്ടപ്പെടും. സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ അനുരഞ്ജന നീക്കങ്ങളും ഫലം കണ്ടില്ലെന്നാണു രാജിതീരുമാനത്തോടെ വ്യക്തമാവുന്നത്.