ജ്യോതിരാദിത്യ സിന്ധ്യ രാജ്യസഭയിലേക്ക്; മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥിയാവും
മധ്യപ്രദേശിലെ രണ്ട് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനമാണ് ബിജെപി നടത്തിയത്. നിലവില്‍ മൂന്ന് ഒഴിവുകളാണുള്ളത്.
ഭോപ്പാല്‍: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ത്ഥി. മധ്യപ്രദേശിലെ രണ്ട് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനമാണ് ബിജെപി നടത്തിയത്. നിലവില്‍ മൂന്ന് ഒഴിവുകളാണുള്ളത്. സിന്ധ്യക്ക് പുറമെ വനവാസി കല്യാണ്‍ ആശ്രം എന്ന സംഘടനയുടെ ഹര്‍ഷ് ചൗഹാനേയും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഛത്തീസ്ഗഢ് അതിര്‍ത്തിയില്‍ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഹര്‍ഷ് ചൗഹാന്‍. മാര്‍ച്ച് 26നാണ് തിരഞ്ഞെടുപ്പ്.
രാജ്യസഭാ തിരഞ്ഞടുപ്പില്‍ ആദ്യ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കണം എന്ന ആവശ്യം അംഗീകരിക്കാതെ വന്നതോടെയാണ് സിന്ധ്യ കമല്‍നാഥുമായി ഇടഞ്ഞ് ബിജെപിയില്‍ ചേരാന്‍ നീക്കങ്ങള്‍ സജീവമാക്കിയത്. സിന്ധ്യക്ക് പിന്നാലെ സംസ്ഥാനത്തെ 22 നിയമസഭാ അംഗങ്ങള്‍ക്കൊപ്പം സിന്ധ്യയും രാജി സമര്‍പ്പിച്ചത് മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിനെ തകര്‍ച്ചയുടെ വക്കിലാണ് എത്തിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും സന്ദര്‍ശിച്ചതിന് ശേഷം സിന്ധ്യ തന്റെ രാജിക്കത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.