കെ എം ബഷീറിന്റെ ഭാര്യ ജോലി രാജിവച്ചേക്കും; ആറ് ലക്ഷം സര്‍ക്കാരിന് മടക്കിനല്‍കാനും ആലോചന

Update: 2022-07-28 11:20 GMT

പി സി അബ്ദുല്ല

കോഴിക്കോട്: കെ എം ബഷീര്‍ നരഹത്യാ കേസില്‍ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടിക്കെതിരായ കത്തുന്ന പ്രതിഷേധം പുതിയ തലത്തിലേക്ക്. ശ്രീറാമിന്റെ നിയമനത്തിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാരിനെ നേരിട്ട് പ്രതിരോധത്തിലാക്കുന്ന നടപടികളാണ് കെ എം ബഷീറിന്റെ കുടുംബവും അഭ്യുദയ കാംക്ഷികളും ആലോചിക്കുന്നത്.

കെ എം ബഷീറിന്റെ ഭാര്യയ്ക്ക് തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ ലഭിച്ച ജോലി രാജിവച്ച് സര്‍ക്കാരിനെ പ്രതിഷേധം അറിയിക്കണമെന്ന ചര്‍ച്ച കുടുംബ വൃത്തങ്ങളിലും എപി സുന്നി നേതൃതലത്തിലും സജീവമാണ്. അടിയന്തരാശ്വാസമായി ബഷീറിന്റെ രണ്ടുമക്കള്‍ക്കും മാതാവിനുമായി സര്‍ക്കാര്‍ നല്‍കിയ ആറുലക്ഷം രൂപ തിരികെ നല്‍കാനുള്ള ചര്‍ച്ചകളും നടക്കുന്നു. ബഷീറിന്റെ മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തതും വേണ്ടെന്നുവയ്ക്കണമെന്നാണ് കുടുംബത്തിന്റെ പൊതുവികാരം.

ആഭ്യന്തര ചര്‍ച്ചകളുടെ ഭാഗമായി ബഷീറിന്റെ ഭാര്യയ്ക്ക് ഉയര്‍ന്ന തസ്തികയില്‍ ജോലി വാഗ്ദാനം ചെയ്ത് പല പ്രമുഖരും രംഗത്തുവന്നിട്ടുണ്ട്. കുടുംബത്തിന്റെ സംരക്ഷണം ഏറ്റടുക്കാനുള്ള സന്നദ്ധതയും പ്രമുഖ ഗ്രൂപ്പുകള്‍ ബഷീറിന്റെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. കെ എം ബഷീര്‍ വിഷയത്തില്‍ സിപിഎമ്മിനും സര്‍ക്കാരിനുമെതിരായ എപി വിഭാഗത്തിന്റെ അമര്‍ഷം അണപൊട്ടുകയാണ്. ശ്രീറാമിനെ എതിര്‍പ്പുകള്‍ അവഗണിച്ച് കലക്ടറാക്കിയ സര്‍ക്കാര്‍ നടപടി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ല്യാര്‍ക്കും പ്രസ്ഥാനത്തിനുമെതിരായ ധിക്കാരവും ധാര്‍ഷ്ട്യവുമാണെന്നും അതേ നാണയത്തില്‍ സര്‍ക്കാരിന് മറുപടി നല്‍കണമെന്നുമാണ് സംഘടനാ നേതൃത്വം ഒന്നടങ്കം പങ്കുവയ്ക്കുന്നത്.

സിറാജ് ദിനപ്പത്രം തിരുവനന്തപുരം ബ്യൂറോ ചീഫും പ്രമുഖ നേതാവിന്റെ മകനുമായിരുന്ന കെ എം ബഷീറിനെ കാറിടിച്ചുകൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ ശ്രീറാം വെങ്കട്ടരാമന്‍ കഴിഞ്ഞ ദിവസമാണ് ആലപ്പുഴ ജില്ലാ കലക്ടറായി ചുമതലയേറ്റത്. എപി സുന്നി സംഘടനകളുടെ കടുത്ത എതിര്‍പ്പും പ്രക്ഷോഭവും വകവയ്ക്കാതെയാണ് പിണറായി സര്‍ക്കാര്‍ ശ്രീറാമിനെ ജില്ലാ കലക്ടര്‍ കസേരയില്‍ അവരോധിച്ചത്.

കാന്തപുരം എപി അബൂബക്കര്‍ മുസ്‌ല്യാര്‍ ചെയര്‍മാനായ കേരള മുസ്‌ലിം ജമാഅത്ത് നിലവില്‍ വന്ന ശേഷം ഇതാദ്യമായാണ് പൊതുവിഷയത്തില്‍ സര്‍ക്കാര്‍ വിരുദ്ധ സമരവുമായി സംഘടന രംഗത്തുവന്നത്. അത് പാടെ അവഗണിച്ചാണ് കെ എം ബഷീറിനെ കാറിടിച്ചുകൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ശ്രീറാം ആലപ്പുഴ കലക്ടറായി ചുമതലയേറ്റത്. കെ എം ബഷീറുമായി ബന്ധപ്പെട്ട എപി സുന്നി വിഭാഗത്തിന്റെ പ്രതിഷേധം അത്രമേല്‍ വൈകാരികമായിട്ടും പിണറായി സര്‍ക്കാര്‍ അവഗണിച്ചത് സിപിഎമ്മുമായുള്ള എപി വിഭാഗത്തിന്റെ കാലങ്ങളായുള്ള ബന്ധത്തില്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന സൂചനകള്‍ ബലപ്പെടുത്തുന്നതാണ് പുതിയ നീക്കങ്ങള്‍.

Tags:    

Similar News