മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ എം ഷാജിയും കുഞ്ഞാലിക്കുട്ടിയും

Update: 2020-04-16 08:23 GMT

കോഴിക്കോട്: കൊവിഡ് ദുരിതാശ്വാസ നിധിയെ പരിഹസിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പരാമര്‍ശത്തെ വികൃത മനസ്സെന്നു വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരേ കെ എം ഷാജി എംഎല്‍എയും പി കെ കുഞ്ഞാലിക്കുട്ടി എംപിയും രംഗത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് കൊടുത്ത പണം നേര്‍ച്ചപ്പെട്ടിയില്‍ ഇട്ട പണമല്ലെന്നും സര്‍ക്കാരിന് കൊടുക്കുന്ന പൈസെ കുറിച്ച് ചോദിക്കുന്നത് തെറ്റാണോയെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീറിന്റെ വീട്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഷാജി ചോദിച്ചു. പിണറായി വിജയന്‍ മഴു എറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം. പേടിപ്പിച്ച് നിശബ്ദനാക്കാമെന്ന് കരുതരുത്. ദുരിതാശ്വാസ നിധിയും വഴി തിരിച്ചു ചെലവഴിച്ചിട്ടുണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. സിപിഎം എംഎല്‍എയ്ക്കു ദുരിതാശ്വാസനിധിയില്‍ നിന്നു ലക്ഷങ്ങള്‍ കടം വീട്ടാന്‍ നല്‍കിയത് ഏതു മാനദണ്ഡം ഉപയോഗിച്ചാണെന്നു വ്യക്തമാക്കണം. തനിക്ക് വികൃത മനസ്സാണോയെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയല്ല നാട്ടുകാരാണെന്നും ഷാജി പറഞ്ഞു. ശമ്പളമില്ലാത്ത എംഎല്‍എയായിട്ടും ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കി. സഹായം നല്‍കിയാല്‍ കണക്ക് ചോദിക്കുന്നതില്‍ എന്താണ് തെറ്റ്. ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കണമെന്നു തന്നെയാണ് നിലപാട്. കൊവിഡ് പ്രമാണിച്ച് രാഷ്ട്രീയത്തിന് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടോ. പ്രളയമല്ല, കൊവിഡല്ല മൂക്കറ്റം വെള്ളം കയറിയാലും ഞങ്ങള്‍ രാഷ്ട്രീയം പറയും. മുഖ്യമന്ത്രി പറയുന്നത് രാഷ്ട്രീയമല്ലേ. ഷുക്കൂറിന്റെയും ശരത് ലാലിന്റെയും കൃപേഷിന്റെയും ഒക്കെ മാതാപിതാക്കളുടെ കണ്ണീരോളം വരില്ല അതൊന്നും. മുഖ്യമന്ത്രിയുടെ പിആര്‍ വര്‍ക്കിന് വേണ്ടി ചെലവഴിച്ച കോടികള്‍ എത്രയാണ്. ഈ പണം എവിടുന്നാ കൊടുക്കുന്നതെന്നും ഷാജി ചോദിച്ചു.

    ഇതിനു തൊട്ടുപിന്നാലെയാണ് മുസ് ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപി വാര്‍ത്താസമ്മേളനവുമായെത്തിയത്. ദുരിതാശ്വാസ ഫണ്ട് വകമാറ്റി ചെലവഴിക്കരുതെന്നും അതിനെ ഒരു എംഎല്‍എ ചോദ്യം ചെയ്താല്‍ സംവാദാത്മകമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയവല്‍ക്കരണം നടക്കുന്നുണ്ട്. അത് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ അടിസ്ഥാനത്തിലല്ല, നേരത്തേ വ്യക്തമാക്കിയതാണ്. തദ്ദേശ തിരഞ്ഞെടുപ്പും മറ്റും മുന്നില്‍ക്കണ്ട് രാഷ്ട്രീയം കളിക്കരുത്. ഇവിടെ എല്ലാം ശുഭമാണെന്നു കരുതി വെറുതെയിരിക്കരുത്. കേരളത്തില്‍ കൊവിഡ് വ്യാപിക്കാതിരുന്നത് സര്‍ക്കാരിന്റെ മികവല്ല. ഓരോ പൗരന്‍മാരുടെയും മികവാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം ലീഗ് തുടരും. പക്ഷേ, ഫണ്ട് വകമാറ്റി ചെലവഴിക്കരുത്. തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാണിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Similar News