റിജില്‍ മാക്കുറ്റിയെ മര്‍ദ്ദിച്ച സംഭവം; മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിനെതിരെ വധ ശ്രമത്തിന് കേസ്

Update: 2022-01-22 01:52 GMT

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജില്‍ മാക്കുറ്റിയെ മര്‍ദ്ദിച്ച സംഭവത്തില്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിനെതിരെ വധശ്രമത്തിന് കേസ്. മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്ററുടെ പേഴ്‌സണല്‍ സ്റ്റാഫ് പ്രശോഭ് മൊറാഴ അടക്കമുള്ളവര്‍ക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. കണ്ണൂരില്‍ കെ റെയില്‍ വിശദീകരണ യോഗത്തിനിടയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന് മര്‍ദ്ദനമേറ്റത്.

കണ്ണൂര്‍ ടൗണ്‍ പോലിസ് ആണ് കേസെടുത്തത്. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന് പുറമേ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എം ഷാജര്‍, റോബര്‍ട്ട് ജോര്‍ജ് , പി പി ഷാജര്‍ തുടങ്ങിയവര്‍ക്കെതിരെയും കണ്ണൂര്‍ ടൗണ്‍ പോലിസ് കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ ഇരുപതാം തീയതിയാണ് കണ്ണൂരില്‍ നടന്ന കെ റെയില്‍ വിശദീകരണ യോഗത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായെത്തിയത്. യോഗ സ്ഥലത്തെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎം അനുകൂലികളും തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയും ഉണ്ടായി. സംഘര്‍ഷത്തിനിടെ റിജില്‍ മാക്കുറ്റിയടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു.

സംഘര്‍ഷത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. റിജിലിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. യൂത്തുകോണ്‍ഗ്രസ് പരാതിയിലാണ് ഇപ്പോള്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫടക്കമുള്ളവര്‍ക്കെതിരെ പോലിസ് കേസെടുത്തിരിക്കുന്നത്. ഡിവൈഎഫ്‌ഐ ഗുണ്ടകളെ ഉപയോഗിച്ച് പ്രതിഷേധം അടിച്ചമര്‍ത്താന്‍ പിണറായി വിജയന്‍ നോക്കിയാല്‍ മരിക്കേണ്ടി വന്നാലും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും റിജില്‍ പ്രതികരിച്ചു. തന്റെ നിലപാട് ശരിയുടെ പക്ഷത്താണ്. അത് കുടി ഒഴിപ്പിക്കുന്ന പിണറായി ഭരണകൂടത്തിന് എതിരെയാണ്, ഭക്ഷണത്തിന്റെ പേരില്‍ മനുഷ്യരെ തല്ലി കൊല്ലുന്ന സംഘപരിവാറിനെതിരെയാണെന്നും റിജില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേ സമയം ജനാധിപത്യ പ്രതിഷേധങ്ങളെ പൗരപ്രമുഖരുടെ പാര്‍ട്ടി ഗുണ്ടാപ്രമുഖരെ വെച്ച് തല്ലിയൊതുക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ ആരോപിച്ചു. പൊലീസ് നോക്കി നില്‍ക്കെ ഡിവൈഎഫ്‌ഐ ജില്ല സെക്രട്ടറി ഉള്‍പ്പടെയുള്ള 'ഗുണ്ടാ പ്രമുഖര്‍' നടത്തുന്ന അഴിഞ്ഞാട്ടമാണ് കേരളത്തെ മുന്നോട്ട് നയിക്കുന്നതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

Tags:    

Similar News