ഷാന്‍ കൊലക്കേസ്: പ്രതികളുമായി ആലപ്പുഴയിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ തെളിവെടുപ്പ്

Update: 2021-12-23 08:38 GMT

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി ആലപ്പുഴയിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ പോലിസ് തെളിവെടുപ്പ് നടത്തി. ഷാന്‍ കൊലക്കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളും ആര്‍എസ്എസ് പ്രവര്‍ത്തകരുമായ രാജേന്ദ്ര പ്രസാദ്, കുട്ടന്‍ എന്ന രതീഷ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടുപേരും ഒളിവില്‍ കഴിഞ്ഞിരുന്നത് കാര്യാലയത്തിലാണ്. ഇവിടെനിന്നാണ് പോലിസ് പ്രതികളെ പിടികൂടിയതും. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കാര്യാലയത്തിലെത്തിച്ച് അന്വേഷണസംഘം തെളിവെടുത്തത്.

കാര്യാലയത്തിലെ മുറികളിലും മറ്റും പരിശോധന നടത്തിയ പോലിസ്, തെളിവുകള്‍ ശേഖരിച്ചു. ഷാനെ ഇടിച്ചുവീഴ്ത്താന്‍ പ്രതികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കാര്‍ നേരത്തെ കണ്ടെത്തിയിരുന്നു. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്തുനിന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. കൃത്യത്തില്‍ പങ്കെടുത്ത ആര്‍എസ്എസ് പ്രവര്‍ത്തകര്‍ രക്ഷപ്പെട്ടത് ആംബുലന്‍സിലാണെന്ന് നേരത്തെ വിവരം പുറത്തുവന്നിരുന്നു. ഇവരെ പിടികൂടാന്‍ പോലിസിന് ഇതുവരെയും സാധിച്ചിട്ടില്ല.

പ്രതികള്‍ സംസ്ഥാനം വിട്ടെന്നാണ് പോലിസ് പറയുന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരിയില്‍ വച്ചാണ് കെ എസ് ഷാനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. മണ്ണഞ്ചേരി പൊന്നാടുള്ള വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോവുമ്പോള്‍ കാറിലെത്തിയ സംഘം ഷാനെ ഇടിച്ചിട്ടശേഷം വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാന്‍ കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ രാത്രിയോടെയാണ് മരണപ്പെട്ടത്. പ്രതികള്‍ക്കായുള്ള തിരച്ചില്‍ സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചെന്ന് എഡിജിപി വിജയ് സാക്കറെ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Similar News