ഷാന്‍ വധക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ മേല്‍ കോടതിയെ സമീപിക്കും-അഡ്വ. എ കെ സലാഹുദ്ദീന്‍

Update: 2024-04-06 09:27 GMT
ഷാന്‍ വധക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ മേല്‍ കോടതിയെ സമീപിക്കും-അഡ്വ. എ കെ സലാഹുദ്ദീന്‍

തിരുവനന്തപുരം: എസ് ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേല്‍ കോടതിയെ സമീപിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ഖജാഞ്ചി അഡ്വ. എ കെ സലാഹുദ്ദീന്‍. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹരജി തള്ളിയതിനെതിരേ ഷാന്റെ കുടുംബവുമായി കൂടിയാലോചിച്ച് മേല്‍ കോടതിയില്‍ അപ്പീല്‍ പോവും. 2021 ഡിസംബര്‍ 18ന് രാത്രിയിലാണ് ഷാനെ അക്രമികള്‍ കൊലപ്പെടുത്തിയത്. ഷാന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്കു മുഴുവന്‍ ജാമ്യം കൊടുക്കുകയും അതിനുശേഷം നടന്ന കൊലപാതക കേസില്‍ കുറ്റാരോപിതര്‍ക്കെല്ലാം ജാമ്യം നിഷേധിച്ച് അതിവേഗ വിചാരണ നടത്തി മുഴുവനാളുകള്‍ക്കും വധശിക്ഷ വിധിക്കുകയുമായിരുന്നു. ഷാന്‍ വധക്കേസിലെ പ്രതികള്‍ ജാമ്യം നേടി സൈ്വര്യവിഹാരം നടത്തുന്നതോടൊപ്പം കേസ് നടപടികള്‍ ഇഴഞ്ഞുനീങ്ങുകയുമാണ്. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് പ്രതികളില്‍ ചിലരെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും കേസില്‍ തുടര്‍ നടപടിയുണ്ടായില്ല. അന്വേഷണത്തിലും നിയമവ്യവഹാരങ്ങളിലും കടുത്ത വിവേചനവും ഇരട്ട നീതിയും വ്യക്തമാക്കുന്ന സംഭവങ്ങളാണ് ഷാന്‍ വധക്കേസിന്റെ നാള്‍വഴിയിലുടനീളം പുറത്തുവരുന്നത്. കെ എസ് ഷാന് നീതി ലഭിക്കുന്നതിനായുള്ള നിയമപോരാട്ടങ്ങളുമായി ശക്തമായി മുമ്പോട്ടുപോവുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News