കെ എസ് ഷാന്‍ വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ കോടതി തള്ളി
ആലപ്പുഴ: എസ് ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. കെ എസ് ഷാന്‍ വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷ കോടതി തള്ളി. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ 10 പേരാണ് കേസിലെ പ്രതികള്‍ക്കെതിരേ നല്‍കിയ ഹരജിയാണ് ആലപ്പുഴ അഡീഷനല്‍ സെഷന്‍സ് കോടതി-മൂന്ന് ജഡ്ജി റോയി വര്‍ഗീസ് തള്ളിയത്. ഒരു വര്‍ഷമായി ജാമ്യത്തില്‍ കഴിയുകയായിരുന്ന പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ പി പി ഹാരിസ് കോടതിയെ സമീപിച്ചത്. ചട്ടങ്ങള്‍ ലംഘിച്ചാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതെന്നായിരുന്നു അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചപ്പോള്‍ കോടതി നിര്‍ദേശിച്ച വ്യവസ്ഥകള്‍ ഒന്നും ലംഘിച്ചിട്ടില്ലെന്ന് രണ്ട്, നാല്, ആറ്, എട്ട് പ്രതികള്‍ക്കായി ഹാജരായ അഡ്വ. സുനില്‍ മഹേശ്വരന്‍പിള്ള വാദിച്ചു. നേരത്തേ, കുറ്റപത്രം മടക്കണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളിയിരുന്നു. 2021 ഡിസംബര്‍ 18ന് മണ്ണഞ്ചേരി-പൊന്നാട് റോഡില്‍ കുപ്പേഴം ജങ്ഷനില്‍നിന്ന് വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോവുന്നിതിനിടെയാണ് കെ എസ് ഷാനെ പിന്നില്‍നിന്നെത്തിയ കാര്‍ ഇടിച്ചുവീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തിയത്.
അതേസമയം, ഷാന്‍ വധക്കേസിന്റെ പിന്നാലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ 15 പ്രതികള്‍ക്കും കോടതി കൂട്ട വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍, ഷാന്‍ വധക്കേസില്‍ വിചാരണ ഇനിയും തുടങ്ങിയിട്ടില്ല.