മോണ്സന് കേസിലെ ഉദ്യോഗസ്ഥന് മുഖ്യമന്ത്രി ഉയര്‍ന്ന പദവി വാഗ്ദാനം ചെയ്തു; മുഖ്യമന്ത്രിക്കെതിരേ ഗുരുതര ആരോപണവുമായി കെ സുധാകരന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഗുരുതര ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. തന്നെ ജയിലിനകത്തിട്ടാല്‍ മോന്സണ് മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് മുഖ്യമന്ത്രി ഉയര്‍ന്ന പദവി വാഗ്ദാനം ചെയ്തെന്നാണ് സുധാകരന്റെ ആരോപണം. മുഖ്യമന്ത്രിയുടെ മോഹന വാഗ്ദാനം കേട്ടാണ് തനിക്കെതിരെ കേസും നടപടികളുമായി മുന്നോട്ട് പോകുന്നതെന്നും തന്നെ കുടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സുധാകരന് പറഞ്ഞു. പുരാവസ്തു തട്ടിപ്പ് കേസിലെ പണമിടപാടിലാണ് കെ സുധാകരന് അന്വേഷണം നേരിടുന്നത്. നേരത്തേ സുധാകരനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. ഇതിനെതിരേ കടുത്ത പ്രതിഷേധമാണ് കോണ്‍ഗ്രസ് നടത്തിവരുന്നത്. പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാര്‍ മോന്സന് നല്കിയ 25 ലക്ഷം രൂപയില്‍ പത്തുലക്ഷം കെ സുധാകരന് കൈപ്പറ്റിയെന്ന് മോണ്‍സന്റെ മുന്‍ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. ഇത് സാധൂകരിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സുധാകരനെ അറസ്റ്റ് ചെയ്യുകയും ജാമ്യം നല്‍കുകയും ചെയ്തിരുന്നത്.