പരസ്യത്തിനായി ദിനംപ്രതി 20 കോടി രൂപ; നികുതി പണം ഇതുപോലെ ചിലവഴിക്കുന്ന ഭ്രാന്തുള്ള സര്‍ക്കാര്‍ വേറെ ഉണ്ടോയെന്നും കെ സുധാകരന്‍
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കാലത്ത് കോടിക്കണക്കിന് രൂപയാണ് പരസ്യത്തിനായി സര്‍ക്കാര്‍ ചിലവഴിക്കുന്നതെന്ന് സുധാകരന്‍ ആരോപിച്ചു.
കണ്ണൂര്‍: പരസ്യയിനത്തില്‍ കോടികള്‍ ചെലവിടുന്ന പിണറായി സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റും കണ്ണൂര്‍ എംപിയുമായ കെ സുധാകരന്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കാലത്ത് കോടിക്കണക്കിന് രൂപയാണ് പരസ്യത്തിനായി സര്‍ക്കാര്‍ ചിലവഴിക്കുന്നതെന്ന് സുധാകരന്‍ ആരോപിച്ചു.
മുഖ്യമന്ത്രിയെയും പിതാവിനെയും പരിഹസിച്ച കെ സുധാകരന്‍ ഭ്രാന്താണെന്ന് കെ കെ രാഗേഷ് എംപിയുടെ പ്രതികരണത്തിന് മറുപടിയായാണ് സുധാകരന്റെ പുതിയ ആരോപണം.
ഒരു ദിവസം 20 കോടിയാണ് സര്‍ക്കാര്‍ പരസ്യത്തിനായി ചെലവഴിക്കുന്നത്. ജനങ്ങളുടെ നികുതി പണം ഇതുപോലെ ചിലവഴിക്കുന്ന ഭ്രാന്തുള്ള സര്‍ക്കാര്‍ വേറെ ഉണ്ടോ.ഒന്‍പത് ഉപദേശകരെ വച്ചു ഭരണം നടത്തിയ ഭരണാധികാരി കേരള ചരിത്രത്തില്‍ വേറെയുണ്ടോയെന്നും ഉപദേശകര്‍ ഇല്ലെങ്കില്‍ എന്താകുമായിരുന്നു ഈ സര്‍ക്കാരിന്റെ അവസ്ഥയെന്നും സുധാകരന്‍ ചോദിച്ചു.