തിരഞ്ഞെടുപ്പ് സപ്തംബർ 15 ന്; കെ സുധാകരൻ കെപിസിസി പ്രസിഡന്റായി തുടരും
കോണ്‍ഗ്രസില്‍ എഐസിസി തിരഞ്ഞെടുപ്പ് ഉള്‍പ്പടെ ഷെഡ്യൂള്‍പ്രകാരം അതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണ്.
തിരുവനന്തപുരം: കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായി തുടരും. സപ്തംബര്‍ 15 ന് നടക്കുന്ന കെപിസിസി ജനറല്‍ ബോഡി യോഗത്തിലാണ് കെ സുധാകരനെ വീണ്ടും അധ്യക്ഷനായി തിരഞ്ഞെടുക്കുക. മറ്റ് ഭാരവാഹികളെ സമവായത്തിലൂടെ തിരഞ്ഞെടുക്കും. 281 പിസിസി അംഗങ്ങളുടെ ലിസ്റ്റ് നേരത്തെ തന്നെ ഹൈക്കമാന്‍ഡ് അംഗീകരിച്ചതോടെയാണ് കെ സുധാകരനെ ഐക്യകണ്‌ഠേന കെപിസിസി പ്രസിഡന്റായി തിരഞ്ഞെടുക്കാന്‍ തിരുമാനിച്ചത്.
കോണ്‍ഗ്രസില്‍ എഐസിസി തിരഞ്ഞെടുപ്പ് ഉള്‍പ്പടെ ഷെഡ്യൂള്‍പ്രകാരം അതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓരോ സംസ്ഥാനങ്ങളിലെയും അധ്യക്ഷന്‍മാരെ തിരഞ്ഞെടുക്കുന്നത്.15ന് 11 മണിക്ക് ഇന്ദിരാഭവനില്‍ നടക്കുന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ അധ്യക്ഷന്റെ തിരഞ്ഞൈടുപ്പ്.
കെ സുധാകരനെ തല്‍ക്കാലം കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റേണ്ട എന്നതാണ് കേരളത്തിലെ എല്ലാ നേതാക്കളുടെയും നിലപാട്. ശാരീരികരമായ അവശതകള്‍ അദ്ദേഹത്തിനുള്ളത് കൊണ്ട് കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം അദ്ദേഹം അമേരിക്കയില്‍ ചികല്‍സക്ക് പോകുമെന്നാണ് അറിയുന്നത്.