ശ്രീധരന്‍ പിള്ളയെ തള്ളി; പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ പിടിമുറുക്കി

സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളക്ക് സീറ്റുണ്ടാവില്ല. ശോഭ സുരേന്ദ്രന്‍ ആറ്റിങ്ങലില്‍ മത്സരിക്കും. ആര്‍എസ്എസിന്റെ നിര്‍ദ്ദേശപ്രകാരം അമിത്ഷാ പട്ടികയില്‍ ഇടപെട്ട് കെ സുരേന്ദ്രനെ പത്തനംതിട്ട മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് വിവരം.

Update: 2019-03-20 04:15 GMT

തിരുവനന്തപുരം: ബിജെപി സംസ്ഥാനത്തെ നേതൃത്തെ വെട്ടി ആര്‍എസ്എസ് കേന്ദ്രത്തില്‍ നടത്തിയ സമ്മര്‍ദ്ദം വിജയം കാണുന്നു. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപിക്കുവേണ്ടി കെ സുരേന്ദ്രന്‍ മതന്നെ മല്‍സരിച്ചേക്കും. സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളക്ക് സീറ്റുണ്ടാവില്ല. ശോഭ സുരേന്ദ്രന്‍ ആറ്റിങ്ങലില്‍ മത്സരിക്കും. ആര്‍എസ്എസിന്റെ നിര്‍ദ്ദേശപ്രകാരം അമിത്ഷാ പട്ടികയില്‍ ഇടപെട്ട് കെ സുരേന്ദ്രനെ പത്തനംതിട്ട മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് വിവരം.

പത്തനംതിട്ട സീറ്റിനുവേണ്ടി പി എസ് ശ്രീധരന്‍ പിള്ളയും കെ സുരേന്ദ്രനും തമ്മില്‍ രൂക്ഷമായ അടി നടന്നിരുന്നു. ഇതിനിടെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും പത്തനംതിട്ട സീറ്റിനുവേണ്ടി അവകാശവാദമുന്നയിച്ചു. പത്തനംതിട്ട സീറ്റിനുവേണ്ടി തയ്യാറാക്കിയ മൂന്നുപേരുടെ ചുരുക്കപ്പട്ടികയില്‍ ഒന്നാം പേരുകാരന്‍ ശ്രീധരന്‍ പിള്ളയായിരുന്നു. അവസാന പരിഗണനക്കായി ശ്രീധരന്‍ പിള്ളയുടെ പേര് മാത്രമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയിലേക്ക് പോയതെങ്കിലും ആര്‍എസ്എസ് ഇടപെട്ട് പി എസ് ശ്രീധരന്‍ പിള്ളയെ മാറ്റി കെ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പത്തനംതിട്ട സീറ്റിലേക്ക് പരിഗണിക്കുന്ന ഒന്നാം പേരുകാരന്‍ കെ സുരേന്ദ്രന്‍ അല്ലെന്നും ഒട്ടേറെ മണ്ഡലങ്ങളിലേക്കുള്ള സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തന്നെയാണ് ഒന്നാം പേരുകാരനായി പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിളള നേരത്തേ വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. പത്തനംതിട്ട അല്ലാതെ മറ്റൊരു സീറ്റിലും മത്സരിക്കാന്‍ ശ്രീധരന്‍ പിള്ള താല്‍പ്പര്യപ്പെട്ടതുമില്ല.

പാലക്കാട് സീറ്റിനുവേണ്ടി ശോഭാ സുരേന്ദ്രന്‍ തുടര്‍ച്ചയായി ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും അവരെ ആറ്റിങ്ങലില്‍ മത്സരിപ്പിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ചൊവ്വാഴ്ച്ച രാത്രി ഒരു മണിയോടെയാണ് സംസ്ഥാന നേതൃത്വവുമായുള്ള ചര്‍ച്ചക്ക് ശേഷം അന്തിമ പട്ടിക തയ്യാറാക്കിയത്. അമിത് ഷായുടെ തിരുത്തലുകളോടെ പട്ടികയ്ക്ക് അംഗീകാരമായി. ഇന്ന് വൈകിട്ടോ നാളെയോ പ്രഖ്യാപനം ഉണ്ടാകും.

മറ്റു ചില സംസ്ഥാനങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ ഇന്നും തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നുണ്ട്. ഇത് പൂര്‍ത്തിയായ ശേഷം കേരളത്തിലെ പട്ടികയും അതൊടൊപ്പം ഒരുമിച്ച് പ്രഖ്യാപിക്കാനാണ് തീരുമാനം.  

Tags:    

Similar News