കെ സുരേന്ദ്രന്‍ നടത്തിയ പ്രസ്താവന ശുദ്ധ അസംബന്ധം: സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി
ബിജെപിയുടേയും എസ്ഡിപിഐയുടേയും ഉന്നത നേതൃത്വത്തിലേക്ക് തന്നെ അന്വേഷണം എത്തുമോ എന്ന അങ്കലാപ്പില്‍ നിന്നാണ് സുരേന്ദ്രന്‍ ഇത്തരം ജല്‍പ്പനങ്ങള്‍ നടത്തുന്നത്.
ആലപ്പുഴ: ജില്ലയിലുണ്ടായ കൊലപാതകങ്ങള്‍ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ അമ്പലപ്പുഴ എംഎല്‍എ എച്ച് സലാമിനെതിരേ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ നടത്തിയ പ്രസ്താവന ശുദ്ധ അസംബന്ധ മാണന്ന് സിപിഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പ്രസ്താവിച്ചു.
നഗരത്തിലും മണ്ണഞ്ചേരിയിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കൊലപാതങ്ങള്‍ അത്യന്തം നിന്ദ്യവും നീചവുമാണ്. മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ നേതാവും, നഗരത്തില്‍ വെള്ളക്കിണറിനു സമീപം ബി ജെപി നേതാവുമാണ് കൊല്ലപ്പെട്ടത്.
സമാധാന അന്തരീക്ഷം നിലനിന്നിരുന്ന ആലപ്പുഴയില്‍ വര്‍ഗ്ഗീയ ഭ്രാന്തന്മാര്‍ നടത്തിയ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരേയും ഗൂഢാലോചനക്ക് നേതൃത്വം കൊടുത്തവരേയും കണ്ടെത്താന്‍ പോലിസ് ഊര്‍ജ്ജിതമായ അന്വഷണം നടത്തുകയാണ്. സംഭവം അറിഞ്ഞയുടന്‍ അമ്പലപ്പുഴ എംഎല്‍എ എച്ച് സലാം രണ്ടു മരണ വീടുകളിലുമെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുകയും അവരുടെ ദു:ഖത്തില്‍ പങ്കുചേരുകയും ചെയ്തു.പിറ്റേദിവസം ആലപ്പുഴ കോടതിയില്‍ എത്തി രഞ്ജിത്ത് ശ്രീനിവാസന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബിജെപി നേതാവിന്റെ വീട്ടില്‍ സലാം എത്തിയില്ലെന്ന പ്രചാരണം മണിക്കൂറുകള്‍ക്കകം സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ ബോധപൂര്‍വ്വം പ്രചരിപ്പിച്ചിരുന്നു.
ബിജെപി നേതാവ് രഞ്ജിത്തിന്റെ അമ്മയും എച്ച് സലാം എംഎല്‍എയും ഒരുമിച്ചുള്ള ഫോട്ടോ പുറത്ത് വന്നപ്പോളാണ് ഈ കള്ളപ്രചരണം അവസാനിച്ചത്. ഈ വസ്തുതകളൊക്കെ നിലനില്‍ക്കേ അമ്പലപ്പുഴ എംഎല്‍എ എസ്ഡിപിഐയെ സഹായിക്കുന്നു എന്ന് തോന്നിപ്പിക്കും വിധം ഇപ്പോള്‍ സുരേന്ദ്രന്‍ നടത്തുന്ന അസംബന്ധ പ്രചരണം കൊലപാതകങ്ങളില്‍ ഉന്നതതല ഗൂഡാലോചന ഉണ്ടെന്ന് സംശയം ഉയരുന്ന ഘട്ടത്തിലാണ്.
ബിജെപിയുടേയും എസ്ഡിപിഐയുടേയും ഉന്നത നേതൃത്വത്തിലേക്ക് തന്നെ അന്വേഷണം എത്തുമോ എന്ന അങ്കലാപ്പില്‍ നിന്നാണ് സുരേന്ദ്രന്‍ ഇത്തരം ജല്‍പ്പനങ്ങള്‍ നടത്തുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എത്തിയ ഫണ്ട് തിരിമറി നടത്തി കോടികള്‍ സ്വന്തമാക്കിയ കേസില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന സുരേന്ദ്രന്‍ സ്വന്തം പ്രസ്ഥാനത്തില്‍ അധ്യക്ഷ സ്ഥാനത്തു തുടരാന്‍ പിടിവള്ളി തേടുകയാണ്. ഇതില്‍ നിന്നൊക്കെ ശ്രദ്ധ തിരിക്കാനും യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനും വേണ്ടിയുള്ള ശ്രമമായി മാത്രമേ സലാമിനെതിരായ പ്രസ്താവനയെ കാണാനാകൂ എന്നും ആര്‍ നാസര്‍ പ്രസ്താവനയില്‍ പറഞ്ഞു.