സംഘർഷത്തിന് പിന്നാലെ കല്ലായിയിൽ നാട്ടുകാർ സർവേകല്ലുകൾ പിഴുതെറിഞ്ഞു

പ്രതിഷേധക്കാരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കാൻ ഒരുങ്ങിയതോടെ സ്ഥതിഗതികൾ സങ്കീർണമാവുകയായിരുന്നു.

Update: 2022-03-18 10:29 GMT

കോഴിക്കോട്: സിൽവർലൈൻ കല്ലിടലിനെതിരേ കോഴിക്കോട് കല്ലായിയിൽ പ്രതിഷേധം ശക്തമാകുന്നു. പ്രദേശത്ത് ഇന്ന് രാവിലെ ഉദ്യോഗസ്ഥർ സ്ഥാപിച്ച സർവേകല്ല് നാട്ടുകാർ പിഴുതെറിഞ്ഞു. പോലിസുകാരുടെ സംരക്ഷണത്തിൽ സ്ഥാപിച്ച ഏഴ് സർവേ കല്ലുകളാണ് പിഴുതെറിഞ്ഞത്.

കോഴിക്കോട് കല്ലായിയിൽ രാവിലെ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞതിനെ തുടർന്ന് ഉദ്യോഗസ്ഥരും പോലിസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി. കല്ലുകൾ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. കല്ലിടാൻ എത്തിയത് മുൻകൂട്ടി അറിയിക്കാതെ ആണെന്നും അവർ പറഞ്ഞു. പ്രതിഷേധക്കാരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കാൻ ഒരുങ്ങിയതോടെ സ്ഥതിഗതികൾ സങ്കീർണമാവുകയായിരുന്നു.

സ്ത്രീകൾ അടക്കമുള്ള പ്രതിഷേധക്കാരെ പോലിസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. സംഘർഷത്തിനിടെ പോലിസ് ലാത്തികൊണ്ടി കുത്തിയെന്ന് സ്ത്രീകൾ ആരോപിച്ചു. പോലിസുമായി ഉണ്ടായ ഉന്തിനും തള്ളിനുമിടയിൽ ഒരു സ്ത്രീ കുഴഞ്ഞുവീണു. വൻ പോലിസ് സന്നാഹമാണ് പ്രദേശത്ത് ഉള്ളത്. അതേ സമയം വെടിവെച്ച് കൊന്നാലും പിന്മാറില്ലെന്നാണ് സമരക്കാർ പറയുന്നത്.

അതിനിടയിൽ ഉദ്യോഗസ്ഥർ പ്രതിഷേധക്കാർ പിഴുതെറിഞ്ഞ കല്ലുകൾ പുനസ്ഥാപിക്കാനുള്ള ശ്രമം നടത്തുകയാണ്. വിവിധയിടങ്ങളിൽ കല്ലിടൽ പൂർത്തിയായെന്നാണ് അവകാശവാദം, എന്നാൽ സ്ഥാപിച്ച സർവേ കല്ലുകൾ എല്ലാം ജനങ്ങൾ തന്നെ പിഴുതെറിയുന്ന കാഴ്ച്ചയാണ് ഇപ്പോൾ കാണുന്നത്.

Similar News