കേരള പോലിസില്‍ ആര്‍എസ്എസ് ഗ്യാങ്: ആനി രാജയെ തള്ളി കാനം

Update: 2021-09-04 06:20 GMT

തിരുവനന്തപുരം: കേരളാ പോലിസില്‍ ആര്‍എസ്എസ് ഗ്യാങ് ഉണ്ടെന്ന സിപിഐ ദേശീയ നേതാവ് ആനിരാജയുടെ പരാമര്‍ശം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പോലിസിന്റെ പ്രവര്‍ത്തനങ്ങളില്‍ സിപിഐക്ക് പരാതിയില്ല. പരസ്യ വിവാദമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കാനം പറഞ്ഞു. വിമര്‍ശനം പാര്‍ട്ടി ഫോറത്തിലാണ് അറിയിക്കേണ്ടത്. ആനി രാജയുടെ നടപടിക്കെതിരെ ദേശീയ നേതൃത്വത്തില്‍ പരാതി ഉന്നയിക്കുമെന്ന് സംസ്ഥാന നേതൃത്വം ഇന്നലെ വ്യക്തമാക്കിയിരുന്നു.

സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ ബോധപൂര്‍വ്വമായ ഇടപെടല്‍ പോലിസ് സേനയില്‍ നിന്ന് ഉണ്ടാകുന്നുണ്ടെന്നായിരുന്നു ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജയുടെ വിമര്‍ശനം. ഇതിനായി ആര്‍എസ്എസ് ഗ്യാങ് പോലിസില്‍ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നു. മുഖ്യമന്ത്രി ഈ വിഷയത്തെ ഗൗരവകരമായി എടുക്കണം. ആറ്റിങ്ങലിലെ സംഭവത്തില്‍ പോലിസുകാരിക്കെതിരെ ദലിത് പീഡനത്തിന് കേസ് എടുക്കണം. എല്ലാവരും കണ്ട കാര്യത്തില്‍ എന്ത് അന്വേഷണമാണ് പോലിസ് മേധാവി നടത്തുന്നത്. സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പു സ്വതന്ത്ര്യ മന്ത്രിയും വേണം. ഇതിനായി മുഖ്യമന്ത്രിക്കും എല്‍ഡിഎഫ് കണ്‍വീനര്‍ക്കും കത്ത് നല്‍കും. പോലിസുകാര്‍ക്ക് നിയമത്തെ കുറിച്ച് പരിശീലനം നല്‍കണമെന്നും ആനി രാജ പറഞ്ഞിരുന്നു.

Tags:    

Similar News