കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകം: തീവ്രവാദ ബന്ധം ആരോപിച്ച് വിചാരണ അട്ടിമറിക്കാന്‍ ശ്രമം
പിസി അബ്ദുല്ല
കല്‍പറ്റ: വയനാട് വെള്ളമുണ്ട കണ്ടത്തുവയലില്‍ യുവ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ദുരൂഹ നീക്കങ്ങളുമായി പ്രതി ഭാഗം. വിചാരണക്കിടെ കേസ് അട്ടിമറിക്കുന്ന തരത്തിലുള്ള ആരോപണങ്ങളുയര്‍ത്തി പ്രതി ഭാഗം രംഗത്തു വന്നതിനു പിന്നില്‍ ശക്തമായ ബാഹ്യ ഇടപെടലെന്നാണു സംശയം.
2018 ജൂലൈ ആറിന് രാത്രിയാണ് കണ്ടത്തുവയല്‍ പൂരിഞ്ഞി വാഴയില്‍ മൊയ്തുവിന്റെയും ആയിഷയുടേയും മകന്‍ ഉമ്മര്‍(23), ഭാര്യ ഫാത്തിമ (19) എന്നിവരെ തലയ്ക്കും കഴുത്തിനും വെട്ടേറ്റ് കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും മൊബൈലും കാണാതായിരുന്നു. രണ്ടു മാസത്തിന് ശേഷം, സെപ്തംബര്‍ 18 നാണ് പ്രതി തൊട്ടില്‍പ്പാലം കാവിലുംപാറ മരുതോറയില്‍ കലങ്ങോട്ടുമ്മല്‍ വിശ്വനാഥന്‍ (45) അറസ്റ്റിലായത്. അന്വേഷണ മികവിന് വയനാട് എസ് പി കറുപ്പസ്വാമി, ഡിവൈഎസ്പി കെഎം ദേവസ്യ, എസ് ഐമാരായ എന്‍ജെ മാത്യു, അബൂബക്കര്‍, സിപിഒ നൗഷാദ് എന്നിവര്‍ സംസ്ഥാന പോലിസ് ചീഫിന്റെ ബാഡ്ജ് ഓഫ് ഹോണര്‍ അംഗീകാരം നേടിയിരുന്നു.
കൊലപാതകത്തിനു പിന്നില്‍ പോലിസ് അറസ്റ്റ് ചെയ്ത പ്രതിയല്ലെന്നും ഒരു സംഘടനയോടുള്ള ചിലരുടെ വിരോധമാണ് കൊലക്കു കാരണമെന്നുമാണ് പ്രതി ഭാഗത്തിന്റെ പുതിയ വാദം. മരണപ്പെട്ട ദമ്പതികളുടെ വീട്ടില്‍ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി പലരും വന്ന് താമസിച്ച് മതപഠനം നടത്തുന്നതായുള്ള പരാതി ഒരു വിഭാഗം വെള്ളമുണ്ട പോലീസിന് നല്‍കിയിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം പ്രതിഭാഗം കോടതിയെ അറിയിച്ചത്. തബ് ലീഗ് ജമാഅത്തിനെതിരെയാണ് സൂചന. എന്നാല്‍ ഇങ്ങനെയൊരു പരാതിയെക്കുറിച്ച് അറിയില്ലെന്നാണ് വെള്ളമുണ്ട പോലിസിന്റെ വിശദീകരണം.
ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിക്കെതിരേ മതിയായ തെളിവുകളുള്ള കേസില്‍ നാടകീയമായാണ് പ്രതിഭാഗത്ത്തിന്റെ പുതിയ നീക്കം. തബ്ലീഗ് ജമാഅത്തിനെതിരേ അടുത്തിടെ സംഘപരിവാരം ഉയര്‍ത്തിയ ആരോപണങ്ങളുടെ പുകമറയില്‍ കണ്ടത്തുവയല്‍ ഇരട്ടക്കൊലക്കേസിനെയും വലിച്ചിഴക്കാനുള്ള ആസൂത്രിത നീക്കമാണ് അരങ്ങേറുന്നതെന്നാണ് ആക്ഷേപം. കല്‍പ്പറ്റ സെഷന്‍സ് ജഡ്ജി എ ഹാരിസ് മുമ്പാകെയാണ് വിചാരണനടക്കുന്നത്. സാക്ഷി വിസ്താരം ഉടനെ പൂര്‍ത്തിയാവും.
കൊലപാതകം നടത്തിയ ശേഷം പ്രതിസഞ്ചരിച്ച ബസ്സിലെ കണ്ടക്ടര്‍, ഡ്രൈവര്‍, കൊല്ലപ്പെട്ട ഉമര്‍, ഫാത്തിമ എന്നവരെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മെഡിക്കല്‍ കോളജിലെ സര്‍ജന്മാര്‍, ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള മറ്റ് അന്വേഷണ ഉദ്യോഗസ്ഥര്‍, ബിഎസ്എന്‍എല്‍, ഐഡിയ മൊബൈല്‍കമ്പി അധികൃതര്‍ തുടങ്ങിയവരെ അടുത്ത ദിവസങ്ങളില്‍ വിചാരണ ചെയ്യും. കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകക്കേസില്‍ ശക്തമായ ബാഹ്യ ഇടപെടലിന്റെ സൂചനകള്‍ നേരത്തെയും പുറത്തു വന്നിരുന്നു. ആശാരിപ്പണിക്കാരനാണ് പ്രതി. ഇയാള്‍ക്കോ കുടുംബത്തിനോ ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന അഭിഭാഷകരെ ഏര്‍പ്പെടുത്താനുള്ള സാമ്പത്തിക ശേഷിയില്ലെങ്കിലും വന്‍ തുക പ്രതിഫലം പറ്റുന്ന ആളുരിനെയടക്കം പ്രതിക്കു വേണ്ടി രംഗത്തിറക്കാന്‍ നീക്കമുണ്ടായി.
ഇതിനുള്ള പണം എവിടെ നിന്ന് ലഭിക്കുമെന്നത് ദുരൂഹത ഉയര്‍ത്തിയിരുന്നു. വിചാരണ ആരംഭിച്ച ശേഷം സര്‍ക്കാര്‍ അഭിഭാഷകനെ മാറ്റി ക്രിമിനല്‍ അഭിഭാഷകനായ അഡ്വ. ബി എ ആളൂരിനെ നിയമിക്കണമെന്നും പ്രതി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ആളൂരിന് വേണ്ടി അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനും വയനാട് സ്വദേശിയുമായ അഡ്വ.ഷെഫിന്‍ അഹമ്മദ് കോടതിയിലെത്തി ആളൂരിനെ അഭിഭാഷകനാക്കണമെന്നുളള അപേക്ഷ നല്‍കുകയും ചെയ്തു. കേസില്‍ സര്‍ക്കാരിന്റെ സൗജന്യ നിയമസഹായം ഉളളതിനാല്‍ ആളൂരിന് അവസരം ലഭിച്ചില്ല. കോടതിനിയമിച്ച അഡ്വ.ഷൈജു മാണിശേരിയാണ് പ്രതിഭാഗം വക്കീല്‍.
കൊല നടത്തിയ ദിവസം രാത്രി ഏഴരയോടെയാണ് പ്രതി തൊട്ടില്‍പാലത്ത് നിന്നു മാനന്തവാടിയിലേക്ക് ബസ്‌കയറി. എകദേശം ഒന്‍പതരയോടെ പന്ത്രണ്ടാം മൈല്‍ വെയിറ്റിങ്ങ് ഷെഡില്‍ ഇറങ്ങി. കയ്യില്‍ കരുതിയ മദ്യം കഴിച്ചു. വെളിച്ചം കണ്ട ഉമറിന്റെ വീട്ടിലേക്കു നടന്നു. വീടും പരിസരവും നിരീക്ഷിച്ച പ്രതി തിരികെയെത്തി വീണ്ടും മദ്യപിച്ച് അര്‍ദ്ധരാത്രിയോടെ ഉമറിന്റെ വീട്ടില്‍ കയറി. ആ സമയത്തും വീട്ടിനുള്ളില്‍ വെളിച്ചമുണ്ടായതും പിറക് വശത്തേ വാതില്‍ കുറ്റിയിടാതിരുന്നതും അകത്ത് കടക്കാന്‍ തനിക്കു പ്രചോദനമായതെന്ന് പ്രതി വിശദീകരിച്ചതായാണ് കുറ്റ പത്രത്തിലുള്ളത്. അകത്ത് കയറി ഫാത്തിമയുടെ കഴുത്തിലെ മാല പൊട്ടിക്കുന്നതിനിടെ ഉമറിന്റെ ശരീരത്തില്‍ പ്രതിയുടെ കൈ തട്ടി. ഞെട്ടിയുണര്‍ന്ന ഉമര്‍ പ്രതിയുടെ ഷര്‍ട്ടില്‍ പിടിച്ചു. ഉടന്‍ പ്രതി കൈയില്‍ കരുതിയ ഇരുമ്പ് പൈപ്പ് കൊണ്ട് രണ്ട് തവണ ഉമറിന്റെ തലയ്ക്കടിച്ചു. ഇതിനിടയില്‍ ഞെട്ടിയുണര്‍ന്ന ഫാത്തിമക്ക് നേരേയും ആക്രമണമുണ്ടായി. ആരോഗ്യവാനായ കൊലയാളിയുടെ ശക്തമായ പ്രഹരത്തില്‍ ഒന്നുറക്കെ നിലവിളിക്കാന്‍ പോലും കഴിയാതെയാണ് നവദമ്പതികള്‍ കൊല്ലപ്പെട്ടത്.
ഇതിന് ശേഷം കൈയില്‍ കിട്ടിയ മൊബൈല്‍ ഫോണും സ്വര്‍ണവുമായി വിശ്വനാഥന്‍ പുറത്ത് കടന്നു. വീട്ടിനുള്ളില്‍ നിന്ന് എടുത്ത മുളക് പൊടി പരിസരത്ത് വിതറിയ ശേഷം കുറച്ചുസമയം വിശ്രമിച്ചു. ഏതാണ്ട് മൂന്ന് മണിയോടെയാണ് കൊലയാളി വീട്ടില്‍ നിന്നും കൃത്യം നടത്തിയതിന് ശേഷം പുറത്ത് പോയത്. പുലര്‍ച്ചെ അത് വഴി വന്ന ചരക്ക് ലോറിയില്‍ കയറി അഞ്ചരയോടെ തൊട്ടില്‍പ്പാലം ഇറങ്ങുകയായിരുന്നു. സ്വര്‍ണം ഉരുക്കി ഇടപാട് നടത്തുന്ന മഹാരാഷ്ട്രക്കാരന്‍ സേട്ടുവിന് അന്ന് രാവിലെ 11 മണിയോടെ കളവ് മുതല്‍ വിറ്റതായും പ്രതി ചോദ്യം ചെയ്യലിലില്‍ വ്യക്തമാക്കിയിരുന്നു. തന്നില്‍ നിന്നും അന്വേഷണം നീങ്ങിയതായി തോന്നിയപ്പോള്‍ മോഷ്ടിച്ച മൊബൈലില്‍ ഭാര്യയുടെ സിം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചതാണ് രണ്ടു മാസത്തിനു ശേഷം പ്രതിയെ വലയിലാകാന്‍ പോലിസിനെ സഹായിച്ചത്.