ലോക്ക് ഡൗണ്‍ ലംഘിച്ച് പിറന്നാള്‍ ആഘോഷവുമായി ബിജെപി എംഎല്‍എ

Update: 2020-04-11 11:57 GMT

ബെംഗളൂരു: കൊറോണ വൈറസ് വ്യാപനം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ലംഘിച്ച് ജന്മദിനാഘോഷം നടത്തി കര്‍ണാടക ബിജെപി എംഎല്‍എ. നൂറോളം പേരാണ് ആഘോഷത്തില്‍ പങ്കെടുത്തത്. തുരുവേക്കര മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയായ ജയറാമാണ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ജന്മദിനാഘോഷം വിപുലമാക്കിയത്. ചടങ്ങില്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധിപേരാണ് പങ്കെടുത്തത്. വെളുത്ത കൈയുറകള്‍ ധരിച്ച് ഇയാള്‍ ചോക്ലേറ്റ് കേക്ക് മുറിച്ച് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൈമാറി. ബെംഗളൂരുവില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള ഗുബ്ബിയിലാണ് ആഘോഷം നടന്നത്. ഇവിടെയെത്തിയ എല്ലാവര്‍ക്കും ബിരിയാണി വിളമ്പുകയും ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

    കര്‍ണാടകയിലെ രാഷ്ട്രീയനേതാക്കള്‍ സാമൂഹിക അകലം പാലിക്കുന്ന നിയമങ്ങള്‍ ലംഘിക്കുന്നത് ഇതാദ്യമല്ല. പൊതുസമ്മേളനങ്ങും ഒത്തുകൂടലുകളും റദ്ദാക്കിയിട്ടും മാര്‍ച്ച് 15ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ബെല്‍ഗവിയിലെ ഒരു ബിജെപി പ്രവര്‍ത്തകന്റെ കല്യാണത്തില്‍ പങ്കെടുത്തത് വിവാദമായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കര്‍ണാടക കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റ് ഡി കെ ശിവകുമാറിനെ അനുമോദിക്കാന്‍ നൂറുകണക്കിന് കോണ്‍ഗ്രസ് നേതാക്കള്‍ അണിനിരന്നിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ശിവകുമാറിന്റെ വസതിക്കും തലസ്ഥാന നഗരത്തിലെ ഓഫിസിനും പുറത്ത് വന്‍ ആഘോഷങ്ങളാണ് നടത്തിയിരുന്നത്.





Tags:    

Similar News