ഏക സിവില്‍കോഡ് നടപ്പാക്കാന്‍ നടപടി വേണമെന്ന് കര്‍ണാടക ഹൈക്കോടതി; വിധിയുടെ പകര്‍പ്പ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറും

ബംഗളൂരു: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാന്‍ നടപടിയുണ്ടാവണമെന്ന് കര്‍ണാടക ഹൈക്കോടതി. ഭരണഘടനയുടെ ആമുഖം നടപ്പാവാന്‍ ഏക സിവില്‍കോഡ് അനിവാര്യമാണെന്ന് ജസ്റ്റിസ് ഹഞ്ചാറ്റെ സഞ്ജീവ് കുമാര്‍ പറഞ്ഞു. വിവിധ മതങ്ങള്‍ക്ക് വിവിധ വ്യക്തി നിയമങ്ങളാണെന്നും അവ സ്ത്രീകളോട് വിവേചനം കാണിക്കുകയാണെന്നും സ്ത്രീകളെ വേര്‍തിരിക്കുകയാണെന്നും ജഡ്ജി നിരീക്ഷിച്ചു. ''ഹിന്ദു നിയമപ്രകാരം ഒരു കുടുംബത്തിലെ മകനും മകള്‍ക്കും തുല്യമായ അവകാശങ്ങളുണ്ട്. കൂടാതെ ഭാര്യക്കും ഭര്‍ത്താവിനും തുല്യമായ അവകാശമുണ്ട്. എന്നാല്‍, മുഹമ്മദന്‍ നിയമത്തില്‍ ഇത്തരം തുല്യത പ്രതിഫലിക്കുന്നില്ല. അതിനാല്‍ ഏക സിവില്‍കോഡ് നടപ്പാക്കി ഈ പ്രശ്‌നം പരിഹരിക്കണം.''-കോടതി പറഞ്ഞു.
ഒസ്യത്ത് എഴുതാതെ മരിച്ച അബ്ദുല്‍ ബഷീര്‍ ഖാന്‍ എന്നയാളുടെ സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തിലെ കേസാണ് കോടതി പരിശോധിച്ചത്. അബ്ദുല്‍ ബഷീര്‍ ഖാന് പാരമ്പര്യമായി ലഭിച്ചതും സ്വന്തമായി സമ്പാദിച്ച സ്വത്തും കേസിന്റെ വിഷയമാണ്. അബ്ദുല്‍ ബഷീര്‍ ഖാന്റെ മരണശേഷം മക്കള്‍ തമ്മില്‍ സ്വത്തിനെ ചൊല്ലി തര്‍ക്കമുണ്ടായി. മകളായ ഷഹ്‌നാസ് ബീഗമാണ് ഭര്‍ത്താവ് സിറാജുദ്ദീന്‍ മാക്കി മുഖേനെ കോടതിയുടെ മുന്നിലെത്തിയിരിക്കുന്നത്. ബഷീര്‍ ഖാന്റെ സ്വത്തില്‍ ഷഹ്‌നാസ് ബീഗത്തിന് മതിയായ ഭാഗം കിട്ടിയില്ലെന്നാണ് ഹരജിയില്‍ ആരോപിക്കുന്നത്.