എച്ച്ഡി ദേവഗൗഡയുടെ പേരമകന്റെ എംപി സ്ഥാനം കര്‍ണാടക ഹൈക്കോടതി അയോഗ്യനാക്കി
ബെംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ നിന്നുള്ള ജെഡി(എസ്) പാര്‍ലിമെന്റ് അംഗം പ്രജ്വല് രേവണ്ണയുടെ തിരഞ്ഞെടുപ്പ് വിജയം കര്‍ണാടക ഹൈക്കോടതി അസാധുവാക്കി. മണ്ഡലത്തിലെ വോട്ടറായ ജി ദേവരാജെഗൗഡയും പരാജയപ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി എ മഞ്ജുവും സമര്‍പ്പിച്ച രണ്ട് ഹര്‍ജികള്‍ ഭാഗികമായി അംഗീകരിച്ചാണ് ജസ്റ്റിസ് കെ നടരാജന്‍ അയോഗ്യനാക്കിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ദുരുപയോഗം ചെയ്‌തെന്നു കാണിച്ചാണ് ഹരജി നല്‍കിയിരുന്നത്. ഇതേത്തുടര്‍ന്ന് പ്രജ്വല് രേവണ്ണയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കാന്‍ ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കി. ജെഡി(എസ്) നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡയുടെ പേരമകനായ പ്രജ്വല് രേവണ്ണ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ വിജയിച്ച ജെഡിഎസില്‍ നിന്നുള്ള ഏക സ്ഥാനാര്‍ത്ഥിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രേവണ്ണയ്‌ക്കെതിരേ ബിജെപി ടിക്കറ്റില്‍ മല്‍സരിച്ച് പരാജയപ്പെട്ട മഞ്ജു പിന്നീട് ജെഡിഎസില്‍ ചേര്‍ന്ന് നിലവില്‍ എംഎല്‍എയാണ്. രേവണ്ണ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തിയെന്നും സ്വത്തുവിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ വെളിപ്പെടുത്തിയില്ലെന്നുമാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
മുന്‍ മന്ത്രിയും എംഎല്‍എയുമായ പ്രജ്വലിന്റെ പിതാവ് എച്ച് ഡി രേവണ്ണ, സഹോദരന്‍ സൂരജ് രേവണ്ണ എംഎല്‍സി എന്നിവര്‍ക്കെതിരെയും തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി നിര്‍ദേശിച്ചു. പ്രജ്വലയുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താത്തതിന്റെയും ക്രമക്കേടുകളുടെയും നിരവധി ഉദാഹരണങ്ങള്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചെന്നാംബിക കണ്‍വന്‍ഷനല്‍ ഹാളിന് അഞ്ച് കോടി രൂപയെങ്കിലും വിലയുണ്ടെന്ന് അവകാശപ്പെട്ടെങ്കിലും പ്രജ്വല്‍ 14 ലക്ഷം രൂപ മാത്രമാണ് വിലയുള്ളതായി കാണിച്ചിരുന്നത്. അഞ്ചു ലക്ഷം രൂപയാണ് അക്കൗണ്ടിലെ ബാങ്ക് ബാലന്‍സ് കാണിച്ചിരുന്നതെന്നും എന്നാല്‍ 48 ലക്ഷം രൂപ നിക്ഷേപം ഉണ്ടെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. എംപിക്ക് ബിനാമികളുടെ പേരില്‍ നിരവധി സ്വത്തുക്കള്‍ ഉണ്ടെന്നും അദ്ദേഹം ആദായ നികുതി തട്ടിപ്പ് നടത്തിയെന്നും ആരോപണമുയര്‍ന്നിരുന്നു.