ക്ഷേത്രോല്‍സവങ്ങളില്‍ മുസ്‌ലിം കച്ചവടക്കാരെ വിലക്കുന്നത് ഭ്രാന്ത്, സര്‍ക്കാര്‍ ഇടപെടണം: ബിജെപി നേതാവ്

ഇംഗ്ലണ്ടില്‍ എത്ര ഇന്ത്യക്കാരുണ്ട്, ലോകമെമ്പാടും എത്ര ഇന്ത്യക്കാരുണ്ട്, മുസ്‌ലിം രാജ്യങ്ങളില്‍ എത്ര ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നു. ഈ രാജ്യങ്ങള്‍ നമ്മളെ ഒഴിവാക്കാന്‍ തീരുമാനിച്ചാല്‍ എന്താകും സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു.

Update: 2022-03-28 16:03 GMT

ബംഗളൂരു: ക്ഷേത്രോല്‍സവ പരിസരത്തുനിന്ന് മുസ്‌ലിംകളായ കച്ചവടക്കാരെ വിലക്കണമെന്ന ഹിന്ദുത്വ സംഘടനകളുടെ ആഹ്വാനത്തില്‍ പ്രതികരിക്കാതിരിക്കുന്ന സര്‍ക്കാരിനെ ചോദ്യം ചെയ്ത് ബിജെപി മുതിര്‍ന്ന നേതാവും എംഎല്‍എയുമായ എഎച്ച് വിശ്വനാഥ്.

'ഇതെല്ലാം ഭ്രാന്താണ്. ഒരു ദൈവവും മതവും ഇത്തരം കാര്യങ്ങളൊന്നും പറയുന്നില്ല, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് മതങ്ങള്‍. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം. സര്‍ക്കാര്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല' എഎച്ച് വിശ്വനാഥ് മൈസൂരുവില്‍ പറഞ്ഞു.

ഇംഗ്ലണ്ടില്‍ എത്ര ഇന്ത്യക്കാരുണ്ട്, ലോകമെമ്പാടും എത്ര ഇന്ത്യക്കാരുണ്ട്, മുസ്‌ലിം രാജ്യങ്ങളില്‍ എത്ര ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നു. ഈ രാജ്യങ്ങള്‍ നമ്മളെ ഒഴിവാക്കാന്‍ തീരുമാനിച്ചാല്‍ എന്താകും സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ-പാകിസ്താന്‍ വിഭജനം നടന്നപ്പോള്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ ഇന്ത്യ തിരഞ്ഞെടുത്തു. അവര്‍ ജിന്നയുടെ കൂടെ പോയില്ല. അവര്‍ ഇന്ത്യക്കാരായി ഇവിടെ തുടര്‍ന്നു. അവര്‍ ഇന്ത്യക്കാരാണ്, മറ്റേതെങ്കിലും രാജ്യക്കാരല്ല. എന്തടിസ്ഥാനത്തിലാണ് മുസ്‌ലിം കച്ചവടക്കാരെ ലക്ഷ്യമിടുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇത് വളരെ ഖേദകരമാണ്.

സര്‍ക്കാര്‍ നടപടിയെടുക്കണം. അല്ലെങ്കില്‍ ജനങ്ങളില്‍ നിന്ന് പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിശ്വനാഥ് മുമ്പ് കോണ്‍ഗ്രസ്, ജെഡിഎസ് നേതാവായിരുന്നു. 2019ല്‍ അദ്ദേഹം ജെഡിഎസില്‍ നിന്ന് ബിജെപിയിലേക്ക് മാറി. ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനാല്‍ കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു. കന്നഡ എഴുത്തുകാരനും നോവലിസ്റ്റുമായ വിശ്വനാഥ് സിദ്ധരാമയ്യയുമായി തെറ്റിപ്പിരിഞ്ഞാണ് കോണ്‍ഗ്രസ് വിട്ടത്.

വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍, ശ്രീരാമസേന തുടങ്ങിയ സംഘപരിവാര്‍ സംഘടനകളാണ് ഉഡുപ്പി, ശിവമോഗ ജില്ലകളിലെ ചില ക്ഷേത്രങ്ങളിലെ ഉത്സവങ്ങളില്‍ നിന്ന് മുസ്‌ലിം കച്ചവടക്കാരെ തടഞ്ഞത്. ഉല്‍സവ പ്രദേശങ്ങളില്‍ നിന്ന് മുസ്‌ലിം കച്ചവടക്കാരെ നിരോധിക്കണമെന്ന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നു. ക്ഷേത്ര പരിസരത്ത് അഹിന്ദുക്കള്‍ക്ക് കച്ചവടം നടത്തുന്നത് തടയാന്‍ 2002ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമമാണ് സംഘപരിവാര്‍ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്.

Similar News