കരുവന്നൂർ കൊള്ള: മന്ത്രി ആർ ബിന്ദുവിന്റെ വാദം തള്ളി വകുപ്പ് മന്ത്രി വി എൻ വാസവൻ
അവസാനമായി പണം ചോദിച്ച് വന്നപ്പോള്‍ അവര്‍ക്ക് കൊടുക്കാന്‍ കഴിഞ്ഞില്ല. 28നാണ് പണം ചോദിച്ച് വന്നത്.
കോഴിക്കോട്: കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെക്കിട്ടാഞ്ഞതിനെത്തുടർന്ന് മെച്ചപ്പെട്ട ചികിൽസ ലഭിക്കാതെ നിക്ഷേപക മരിച്ച സംഭവത്തിൽ മന്ത്രി ആർ ബിന്ദുവിന്റെ വിവാദ പരാമർശം തള്ളി സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. മരിച്ച ഫിലോമിനയുടെ കുടുംബത്തിന് അടുത്തകാലത്തായി ആവശ്യത്തിന് പണം നൽകിയെന്നായിരുന്നു മന്ത്രി ആർ ബിന്ദു വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ അവസാന സമയം പണം ചോദിച്ചപ്പോള്‍ നല്‍കാന്‍ കഴിഞ്ഞില്ലെന്ന് വകുപ്പ് മന്ത്രി തന്നെ പരസ്യപ്രതികരണം നടത്തിയതോടെ മന്ത്രി ആർ ബിന്ദു വെട്ടിലായിരിക്കുകയാണ്.
മരിച്ച ഫിലോമിനയുടെ കുടുംബത്തിന് അടുത്തകാലത്തായി ആവശ്യത്തിന് പണം നൽകിയിരുന്നു. മെഡിക്കൽ കോളജിലായിരുന്നു ഫിലോമിനയുടെ ചികിൽസ. ആധുനിക സംവിധാനങ്ങളെല്ലാം ഇന്ന് സർക്കാർ മെഡിക്കൽ കോളജിൽ ലഭ്യമാണ്. മരണം ദാരുണമാണ്. അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ലെന്നുമായിരുന്നു ആർ ബിന്ദു പറഞ്ഞത്.
മന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ കുടുംബം രംഗത്തുവന്നത് സർക്കാരിനും തൃശൂർ ജില്ലക്കാരി കൂടിയായ മന്ത്രിക്കും തിരിച്ചടിയായി. അമ്മയുടെ ചികിൽസ തുടങ്ങിയതിന് ശേഷം ഒരു രൂപ പോലും ബാങ്കിൽ നിന്ന് ലഭിച്ചിട്ടില്ല. അമ്മ മരിച്ചതിന് പിന്നാലെ മൃതദേഹവുമായി പ്രതിഷേധിച്ച ശേഷമാണ് രണ്ട് ലക്ഷം രൂപയുടെ ചെക്ക് വീട്ടിൽ കൊണ്ടുതന്നത്. ഇത് ഒരാഴ്ച മുമ്പ് തന്നിരുന്നെങ്കിൽ അമ്മയ്ക്ക് സ്വകാര്യ ആശുപത്രയിൽ മികച്ച ചികിൽസ നൽകാമായിരുന്നു. ഞങ്ങൾക്ക് ആവശ്യപ്പെട്ട പണം എത്രയാണെന്ന് ഒരു മന്ത്രിയോ എംഎൽഎയോ അല്ല തീരുമാനിക്കേണ്ടതെന്നായിരുന്നു മരണപ്പെട്ട ഫിലോമിനയുടെ മകൻ ഡിനോയ് പറഞ്ഞത്.
സിപിഐയും ഈ വിഷയത്തിൽ സിപിഎമ്മിനെ കടന്നാക്രമിച്ച് രംഗത്തുവന്നതോടെയാണ് വകുപ്പ് മന്ത്രി വി എൻ വാസവൻ ആർ ബിന്ദുവിനെ തിരുത്തി രംഗത്തുവന്നത്. പണം ചോദിച്ചപ്പോള്‍ നല്‍കാന്‍ കഴിയാതിരുന്നതും അവരോട് മോശമായി പെരുമാറിയെന്ന ആക്ഷേപം ഉയര്‍ന്നതും പരിശോധിക്കാന്‍ അഡീഷണല്‍ രജിസ്ട്രാറെ ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ നിക്ഷേപകര്‍ക്ക് ആര്‍ക്കും പണം മടക്കി നല്‍കിയില്ല എന്ന് പറയുന്നത് ശരിയല്ല. 38.75 കോടി രൂപ ഇതിനോടകം തന്നെ നിക്ഷേപകര്‍ക്ക് മടക്കി കൊടുത്തു. ബാങ്കില്‍ നിക്ഷേപിച്ച തുക കിട്ടാത്തതിനാല്‍ മെച്ചപ്പെട്ട ചികിൽസ ലഭിക്കാതെ മരിച്ചെന്ന ആക്ഷേപം ഉയര്‍ന്ന ഫിലോമിനയ്ക്ക് 4.60 ലക്ഷം രൂപ കൊടുത്തിരുന്നു. ചികിൽസയ്ക്ക് പണം ആവശ്യപ്പെട്ട് വന്നപ്പോഴാണ് പണം നല്‍കിയത്. എന്നാല്‍ അവസാനമായി പണം ചോദിച്ച് വന്നപ്പോള്‍ അവര്‍ക്ക് കൊടുക്കാന്‍ കഴിഞ്ഞില്ല. 28നാണ് പണം ചോദിച്ച് വന്നത്. അതുകൊണ്ട് പണം ഒട്ടും കൊടുത്തില്ല എന്ന് പറയുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.