ആശയ്ക്കും നിരാശയ്ക്കും ഇടയിലൂടെ, ബുദ്ധിമുട്ടുകളിലൂടെ കടന്നുപോവുകയാണ് കശ്മീര്‍: സൈറ വസീം
കശ്മീരിയുടെ മനസ്സുകളില്‍ നിന്ന് ഐക്യവും സമാധാനവും ഇല്ലാതാവുകയും ജീവിതത്തിലുടനീളം പ്രതിസന്ധികളും തടസ്സങ്ങളും അസ്വാസ്ഥ്യങ്ങളും നിറഞ്ഞുനില്‍ക്കുകയും ചെയ്യുന്നതെന്താണ്?
ന്യൂഡൽഹി: കശ്മീരികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വിവരിച്ചുകൊണ്ട് ബോളിവുഡ് നടി സൈറാ വസീമിന്റെ കുറിപ്പ്. കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ വരച്ചുകാട്ടിയാണ് സൈറ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചത്. വ്യാജമായ ശാന്തതയാണ് കശ്മീരിലുള്ളതെന്നും തങ്ങളുടെ ശബ്ദം തടയപ്പെട്ടിരിക്കുകയാണെന്നും സൈറ വസീം പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം:
ആശയ്ക്കും നിരാശയ്ക്കും ഇടയിലൂടെ, ബുദ്ധിമുട്ടുകളിലൂടെ കടന്നുപോവുകയാണ് കശ്മീര്‍. കശ്മീരികളുടെ വലിയ ദുഖത്തിനും വേദനയ്ക്കും പകരം വ്യാജമായ ശാന്തതയാണ് പുറമെ കാണാനാവുന്നത്. സ്വാതന്ത്ര്യത്തിനു മേല്‍ എളുപ്പത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാവുന്ന ഒരിടത്താണ് ഞങ്ങള്‍ കശ്മീരികള്‍ ജീവിക്കുന്നത്.
എന്തുകൊണ്ടാണ് ജീവിതവും ആഗ്രഹങ്ങളും മറ്റുള്ളവര്‍ നിയന്ത്രിക്കുന്ന, ആജ്ഞകള്‍ നല്‍കുന്ന ഒരിടത്ത് ഞങ്ങള്‍ക്ക് ജീവിക്കേണ്ടിവരുന്നത്? ഞങ്ങളെ ഇത്രയും എളുപ്പത്തില്‍ നിശ്ശബ്ദരാക്കാന്‍ കഴിയുന്നത് എന്തുകൊണ്ടാണ്? ഇത്രയുമെളുപ്പത്തില്‍ ഞങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യം വെട്ടിച്ചുരുക്കാനാകുന്നത് എന്തുകൊണ്ടാണ്? ഞങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് വിരുദ്ധമായി എടുക്കപ്പെടുന്ന തീരുമാനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍, എതിര്‍പ്പുകള്‍ പ്രകടിപ്പിക്കാന്‍ ഞങ്ങള്‍ക്കൊരിക്കലും അനുവാദമില്ലാത്തത് എന്തുകൊണ്ടാണ്? ഞങ്ങളുടെ കാഴ്ചകളെ കാണാന്‍ ശ്രമിക്കുന്നതിനു പകരം നിഷ്‌കരുണം തള്ളിക്കളയുന്നത് എന്തുകൊണ്ടാണ്? എന്തിനാണ് ഇത്രയും ക്രൂരമായി ഞങ്ങളുടെ ശബ്ദം തടഞ്ഞുവയ്ക്കുന്നത്?
പരസ്പരമുള്ള പോരാട്ടത്തിലൂടെ ലോകത്ത് സ്വന്തം അസ്ഥിത്വം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനു പകരം എന്തുകൊണ്ടാണ് നമുക്ക് ലളിതമായി ജീവിതം ജീവിച്ചു തീര്‍ക്കാന്‍ സാധിക്കാത്തത്. കശ്മീരിയുടെ മനസ്സുകളില്‍ നിന്ന് ഐക്യവും സമാധാനവും ഇല്ലാതാവുകയും ജീവിതത്തിലുടനീളം പ്രതിസന്ധികളും തടസ്സങ്ങളും അസ്വാസ്ഥ്യങ്ങളും നിറഞ്ഞുനില്‍ക്കുകയും ചെയ്യുന്നതെന്താണ്?
ഇതുപോലെ ഉത്തരം ലഭിക്കാത്ത നൂറുകണക്കിന് ചോദ്യങ്ങള്‍ ഞങ്ങള്‍ക്കുണ്ട്. അത് ഞങ്ങളെ പരിഭ്രാന്തരാക്കുകയും നിരാശരാക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ നിരാശകള്‍ പ്രകടിപ്പിക്കാന്‍ ഞങ്ങള്‍ക്ക് അവസരമില്ല. ആശങ്കകള്‍ക്കും ഭീതികള്‍ക്കും അറുതിവരുത്താന്‍ അധികാരികള്‍ ചെറിയ ശ്രമങ്ങള്‍പ്പോലും നടത്തുന്നില്ലെന്നു മാത്രമല്ല, ഞങ്ങളുടെ അസ്തിത്വത്തെ ആശയക്കുഴപ്പങ്ങളിലും സംഘര്‍ഷങ്ങളിലും മരവിപ്പിലും മുക്കിക്കൊണ്ട് വാശിയോടെ അവര്‍ മുന്നോട്ടുപോവുകയുമാണ്.
ഞാന്‍ ലോകത്തോട് ചോദിക്കുകയാണ്, ഞങ്ങളനുഭവിക്കുന്ന ദുരിതങ്ങളും അടിച്ചമര്‍ത്തലുകളും നിങ്ങളുടെ കാഴ്ചപ്പാടുകളില്‍ എന്തു മാറ്റങ്ങളാണ് വരുത്തിയത്? വസ്തുതകളെയും വിശദാംശങ്ങളെയും പക്ഷപാതപരമായി അവതരിപ്പിക്കുകയാണ് ഇപ്പോള്‍. യാഥാര്‍ഥ്യങ്ങള്‍ക്കു പകരം മാധ്യമങ്ങള്‍ പൊലിപ്പിച്ചു നല്‍കുന്ന കഥകള്‍ ആരും വിശ്വസിക്കരുത്. പക്ഷപാതപരമായ ഊഹാപോഹങ്ങളെ പുനപരിശോധനയ്ക്കു വിധേയമാക്കുക. ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരിക്കുക. നമ്മുടെ ശബ്ദം തടയപ്പെട്ടിരിക്കുകയാണ്, അത് എത്രനാളത്തേയ്‌ക്കെന്ന് ആര്‍ക്കും അറിയില്ല.