ദുരന്തങ്ങള്‍ പെയ്തിറങ്ങി കശ്മീര്‍ താഴ്‌വര; സംഘര്‍ഷങ്ങള്‍ വ്യാപിച്ച് ബിജെപി ഭരണ കാലം

ജമ്മുകാശ്മീര്‍ സംസ്ഥാനം നിലവില്‍ വന്നതിന് ശേഷം ആദ്യമായി ബി.ജെ.പിക്ക് ഭരിക്കാന്‍ അവസരം ലഭിച്ച കാലം തന്നേയാണ് താഴ് വരയില്‍ ദുരന്തങ്ങള്‍ പെയ്തിറങ്ങിയതും. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചരണ വിഷയവും ഇത് തന്നേയാകും.

Update: 2019-01-21 17:55 GMT

ശ്രീനഗര്‍: കഠ്‌വ സംഭവവും തുടര്‍ച്ചയായ മരണങ്ങളും ഉള്‍പ്പടെ കശ്മീര്‍ ജനത ഏറ്റവുമധികം ദുരിതം നേരിട്ട കാലമാണ് കഴിഞ്ഞു പോയത്. ജമ്മുകാശ്മീര്‍ സംസ്ഥാനം നിലവില്‍ വന്നതിന് ശേഷം ആദ്യമായി ബി.ജെ.പിക്ക് ഭരിക്കാന്‍ അവസരം ലഭിച്ച കാലം തന്നേയാണ് താഴ് വരയില്‍ ദുരന്തങ്ങള്‍ പെയ്തിറങ്ങിയതും. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചരണ വിഷയവും ഇത് തന്നേയാകും. പത്തു വര്‍ഷത്തിനിടെ കശ്മീരില്‍ എറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത് 2018ലാണ്. നിരന്തരം സംഘര്‍ഷ ഭൂമിയായി തുടരുന്ന കശ്മീരില്‍ 586 പേരാണ് 2018ല്‍ കൊല്ലപ്പെട്ടതെന്ന് മനുഷ്യാവകാശ സംഘടനയായ ജമ്മുകശ്മീര്‍ ക്വയലേഷന്‍ ഓഫ് സിവില്‍ സൊസൈറ്റി പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഇവരില്‍ 31 പേര്‍ കുഞ്ഞുങ്ങളും എട്ടു പേര്‍ സ്ത്രീകളുമാണ്.

കൊല്ലപ്പെട്ട 586 പേരില്‍ 160 പേരും നിരപരാധികളായ സാധാരണക്കാരാണ്. സായുധ പ്രവര്‍ത്തകരെന്നാരോപിച്ച് സൈന്യം കൊലപ്പെടുത്തിയ 267 പേരുടെ കണക്കുകളും റിപോര്‍ട്ടിലുണ്ട്. വിവിധയിടങ്ങളിലായി 159 സൈനികരും പോലിസുകാരും കൊല്ലപ്പെട്ടിട്ടുണ്ട്. കഠ്‌വയില്‍ എട്ടുവയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവം മേഖല സംഘര്‍ഷമാക്കുന്നതില്‍ വഹിച്ച പങ്ക് റിപോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. സിആര്‍പിഎഫ് ഉദ്യോഗസ്ഥനടങ്ങുന്ന സംഘം ക്ഷേത്രത്തില്‍ വച്ച് ക്രൂരമായി ദിവസങ്ങളോളം ക്രൂരമായി ബലാല്‍സംഘം ചെയ്ത് ബാലികയെ കൊന്ന സംഭവം മേഖലയിലാകെ സംഘര്‍ഷം വ്യാപിക്കുന്നതിനു പ്രധാന കാരണമായിരുന്നു.

സ്വതന്ത്ര ഇന്ത്യയിലെ ഇനിയും പരിഹരിക്കാനാകാത്ത രാഷ്ട്രീയ പ്രശ്‌നമാണ് കശ്മീരിലേത്. പി.ഡി.പി-ബി.ജെ.പി സഖ്യ സര്‍ക്കാര്‍ തകര്‍ന്നെങ്കിലും കശ്മീരില്‍ രാഷ്ട്രപതി ഭരണമെന്ന ലക്ഷ്യം നേടാന്‍ ബി.ജെ.പിക്കായി. കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയുടെ മുന്നൂറ്റി എഴുപതാം വകുപ്പ് എടുത്ത് കളയണമെന്ന നിലപാടുള്ള പാര്‍ട്ടിയാണ് ബി.ജെ.പി.

ബി.ജെ.പി കേന്ദ്ര സംസ്ഥാന ഭരണം നിയന്ത്രിച്ച ഈ നാലര വര്‍ഷമാണ് കശ്മീര്‍ താഴ്‌വരകളില്‍ സാധാരണക്കാരും പട്ടാളക്കാരും ഏറ്റവുമധികം കൊല്ലപ്പെട്ടത്. കശ്മീര്‍ ജനത സുരക്ഷാസേനയാല്‍ ഏറ്റവുമധികം വേട്ടയാടപ്പെട്ടതും നിരവധി സാധാരണ മനുഷ്യര്‍ക്ക് പെല്ലറ്റുകളേറ്റ് കാഴ്ച നഷ്ടമായതും ഈ കാലയളവിലാണ്.

Tags:    

Similar News