വീട്ടുതടങ്കലിനെതിരേ ഷാ ഫൈസല്‍ ഡല്‍ഹി ഹൈക്കോടതിയില്‍
ഹരജിയില്‍ വ്യാഴാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി: ജമ്മു കശ്മീരിനുള്ള സവിശേഷ പദവി എടുത്തുകളഞ്ഞതിനു പിന്നാലെ വീട്ടുതടങ്കലിലായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഷാ ഫൈസല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കി. തുടര്‍പഠനത്തിനായി ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലേക്ക് പോവുന്നതിനിടെയാണ് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തന്നെ പിടിച്ചുവച്ചതെന്നുംശ്രീനഗറിലേക്ക് തിരിച്ചു കൊണ്ടു പോവാന്‍ ട്രാന്‍സിറ്റ് റിമാന്‍ഡ് പോലും ഉദ്യോഗസ്ഥരുടെ പക്കലില്ലായിരുന്നുവെന്നും ഷാ ഫൈസല്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി.ഹരജിയില്‍ വ്യാഴാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
അഭിഭാഷകയായ വറിഷ ഫരസാതാണ് കോടതിയില്‍ ഷാ ഫൈസലിന് വേണ്ടി ഹാജരായത്. ഒരിക്കല്‍ മാത്രമാണ് ഭാര്യയ്ക്ക് ഷാ ഫൈസലിനെ കാണാന്‍ അനുമതി നല്‍കിയതെന്ന് അഭിഭാഷക പറഞ്ഞു. ഷാ ഫൈസലിനെ ഉടന്‍ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഹാര്‍വാര്‍ഡ് പൂര്‍വ്വ വിദ്യാര്‍ത്ഥികളെഴുതിയ കത്ത് അഭിഭാഷക കോടതിയില്‍ വായിച്ചെന്ന് 'ലൈവ് ലോ' റിപ്പോര്‍ട്ട് ചെയ്തു.
ഭാര്യയ്ക്ക് ഷാ ഫൈസലിനെ എല്ലാ ദിവസവും കാണാന്‍ അനുമതി നല്‍കണമെന്ന് കോടതി സര്‍ക്കാരിനോട് വാക്കാല്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ശ്രീനഗറിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു ഹോട്ടലിലാണ് ഷാ ഫൈസല്‍ തടങ്കലിലുള്ളതെന്നാണ് റിപോര്‍ട്ടുകള്‍. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ ഷാ ഫൈസല്‍ മോദി സര്‍ക്കാറിനെതിരേ ശക്തമായ വിമര്‍ശനവുമായി മുന്നോട്ട് വന്നിരുന്നു. മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള അടിച്ചമര്‍ത്തല്‍ നേരിടുകയാണ് തങ്ങളെന്നും കശ്മീരിലെ 80 ലക്ഷം വരുന്ന ജനങ്ങളെ 'പൂട്ടിയിട്ടിരിക്കുക'യാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.