യുഎപിഎ ചുമത്തി കശ്മീരിയെ തുറങ്കിലടച്ചത് 11 വര്‍ഷം; ഒടുവില്‍ നിരപരാധിയെന്ന് കണ്ട് മോചനം
തീവ്രവാദക്കുറ്റം ചുമത്തി ഗുജറാത്ത് പോലിസ് അറസ്റ്റ് ചെയ്ത ബഷീര്‍ അഹ്മദ് ബാബ പതിനൊന്ന് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് ജന്മനാട്ടിലേക്ക് മടങ്ങിയതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
അഹമ്മദാബാദ്: ജമ്മു കശ്മീരിലെ ശ്രീനഗറിലെ റൈനാവരിയില്‍ നിന്നുള്ള 44 കാരനായ ബഷീര്‍ അഹ്മദ് ബാബ കഴിഞ്ഞ മാസം 23നാണ് നാട്ടിലേക്ക് മടങ്ങിയത്. തീവ്രവാദക്കുറ്റം ചുമത്തി ഗുജറാത്ത് പോലിസ് അറസ്റ്റ് ചെയ്ത ബഷീര്‍ അഹ്മദ് ബാബ പതിനൊന്ന് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് ജന്മനാട്ടിലേക്ക് മടങ്ങിയതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
കരിനിയമമായ യുഎപിഎ ചുമത്തിയാണ് ഇദ്ദേഹത്തിനെതിരേ ഡല്‍ഹി പോലിസ് കേസെടുത്തിരുന്നത്. ബാബയ്‌ക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കുന്നതിലും തെളിവുകള്‍ നല്‍കുന്നതിലും പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ജൂണ്‍ 19ന് ഗുജറാത്തിലെ വഡോദരയിലെ കോടതി വിലയിരുത്തുകയും ഇദ്ദേഹത്തെനിരപരാധിയെന്ന് കണ്ട് വെറുതെവിടുകയുമായിരുന്നു.
റെയ്‌നവാരിയില്‍ ഒരു കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയിരുന്ന ബാബ, ഒരു സര്‍ക്കാരിതര സംഘടനയുമായി കൈകോര്‍ത്ത് മുറിച്ചുണ്ടുള്ള കുട്ടികള്‍ക്കായി മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിച്ച് വരികയായിരുന്നുവെന്ന് ന്യൂസ് ക്ലിക്ക് റിപോര്‍ട്ട് ചെയ്യുന്നു.
2010 ഫെബ്രുവരിയില്‍ ഒരു ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ അദ്ദേഹം ഗുജറാത്തില്‍ പോയിരുന്നു. 2010 മാര്‍ച്ച് 13ന് നാട്ടിലേക്ക് മടങ്ങുന്നതിന് ഒരു ദിവസം മുമ്പ് ഗുജറാത്ത് പോലിസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ആനന്ദ് ജില്ലയില്‍ നിന്ന് ബാബയെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുകയായിരുന്നു.'ഭീകര പരിശീലന' ത്തിന് യുവാക്കളുടെ ഒരു ശൃംഖല സ്ഥാപിക്കാന്‍ സംസ്ഥാനം സന്ദര്‍ശിച്ചെന്നായിരുന്നു തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ വാദം. ഹിസ്ബുള്‍ മുജാഹിദിനുമായി ബന്ധമുണ്ടെന്നും അന്വേഷണ സംഘം അവകാശപ്പെട്ടിരുന്നു.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ മേധാവി സയ്യിദ് സലാഹുദ്ദീന്‍, ഒരു ബിലാല്‍ അഹമ്മദ് ഷെറ എന്നിവരുമായി ഫോണിലൂടെയും ഇമെയിലുകളിലൂടെയും ബാബ ബന്ധപ്പെട്ടിരുന്നുവെന്നും പോലീസ് ആരോപിച്ചു.
16 ദിവസത്തോളം തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലായിരുന്ന ബാബയെ ക്രൂരമായ പീഡനത്തിനാണ് ഇരയാക്കിയത്. തുടര്‍ന്ന് ഇദ്ദേഹത്തെ വഡോദര സെന്‍ട്രല്‍ ജയിലിലേക്ക് അയക്കുകയായിരുന്നു.
കശ്മീര്‍ താഴ്‌വരയിലെ രോഗികള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിനായി ക്യാന്‍സറിനു ശേഷമുള്ള പരിചരണത്തെക്കുറിച്ചുള്ള ഒരു ക്യാമ്പില്‍ പങ്കെടുക്കാനായിരുന്നു അദ്ദേഹം ഗുജറാത്തിലെത്തിയിരുന്നത്. ക്യാംപില്‍ പങ്കെടുക്കാന്‍ ശ്രീനഗര്‍ ഡോക്ടര്‍ ശുപാര്‍ശ ചെയ്തിരുന്നുവെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഖാലിദ് ഷെയ്ഖ് ചൂണ്ടിക്കാട്ടിയിരുന്നു.
പാകിസ്താനിലെ ഹിസ്ബുള്‍ പ്രവര്‍ത്തകര്‍ക്ക് ഇമെയിലുകള്‍ അയയ്ക്കാന്‍ ബാബ ക്യാംപിലുണ്ടായിരുന്ന ഡോക്ടറുടെ ലാപ്‌ടോപ്പ് ഉപയോഗിച്ചെന്നായിരുന്നു എടിഎസിന്റെ വാദം.
എന്നാല്‍, 'തീവ്രവാദ ശൃംഖല' സ്ഥാപിക്കാന്‍ ബാബ സംസ്ഥാനത്ത് തന്നെ തുടരുകയാണെന്നും ഇതിന് സാമ്പത്തിക സഹായം ലഭിച്ചെന്നും തെളിയിക്കാന്‍ ഗുജറാത്ത് പോലിസിന് സാധിച്ചില്ലെന്ന് ഇദ്ദേഹത്തെ വെറുതെവിട്ടുകൊണ്ട് ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിധിന്യായത്തില്‍ വ്യക്തമാക്കി.
'ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍മാരുമായി അദ്ദേഹം ബന്ധപ്പെട്ടിരുന്നുവെന്ന് തെളിയിക്കുന്നതിലും പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു.
'ഒരിക്കലും പ്രതീക്ഷ നഷ്ടപ്പെട്ടില്ല'
താന്‍ നിരപരാധിയാണെന്ന് തനിക്ക് അറിയാമെന്നും കുറ്റവിമുക്തനാക്കപ്പെടുമെന്ന പ്രതീക്ഷ ഒരിക്കലും നഷ്ടപ്പെട്ടിട്ടില്ലെന്നും ബാബ ദി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖ്യത്തില്‍ പറഞ്ഞു. തന്നെ ഒരു ദിവസം മാന്യമായി മോചിപ്പിക്കുമെന്ന് അറിയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജയിലില്‍ ആയിരിക്കെ പൊളിറ്റിക്കല്‍ സയന്‍സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, ബൗദ്ധിക സ്വത്തവകാശം എന്നീ മൂന്ന് വിഷയങ്ങളില്‍ ഇദ്ദേഹം ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയിട്ടുണ്ട്.