യുഎപിഎയില്‍ കുരുക്കിയ കശ്മീരി ഫോട്ടോ ജേണലിസ്റ്റ് മസ്രത് സഹ്റക്ക് അന്താരാഷ്ട്ര പുരസ്‌കാരം

അഫ്ഗാനില്‍ കൊല്ലപ്പെട്ട പ്രശസ്ത വനിത ജര്‍മ്മന്‍ ഫോട്ടോഗ്രാഫറും പുലിസ്റ്റര്‍ ജേതാവുമായ ആന്‍ജ നിഡ്രിങ്കോസിന്റെ സ്മാരണാര്‍ത്ഥം ഇന്റര്‍നാഷണല്‍ വിമണ്‍സ് മീഡിയ ഫൗണ്ടേഷന്‍ (ഐഡബ്ല്യുഎംഎഫ്) ഏര്‍പ്പെടുത്തിയ ഫോട്ടോഗ്രാഫി പുരസ്‌കാരമാണ് മസ്രത് സഹ്റ സ്വന്തമാക്കിയത്.

Update: 2020-06-12 11:03 GMT

ന്യൂഡല്‍ഹി: കരിനിയമമായ യുഎപിഎയുഎപിഎയില്‍ കുരുക്കിയ കശ്മീരി ഫോട്ടോ ജേര്‍ണലിസ്റ്റ് മസ്രത് സഹ്റക്ക് അന്താരാഷ്ട്ര ഫോട്ടോഗ്രഫി പുരസ്‌കാരം. അഫ്ഗാനില്‍ കൊല്ലപ്പെട്ട പ്രശസ്ത വനിത ജര്‍മ്മന്‍ ഫോട്ടോഗ്രാഫറും പുലിസ്റ്റര്‍ ജേതാവുമായ ആന്‍ജ നിഡ്രിങ്കോസിന്റെ സ്മാരണാര്‍ത്ഥം ഇന്റര്‍നാഷണല്‍ വിമണ്‍സ് മീഡിയ ഫൗണ്ടേഷന്‍ (ഐഡബ്ല്യുഎംഎഫ്) ഏര്‍പ്പെടുത്തിയ ഫോട്ടോഗ്രാഫി പുരസ്‌കാരമാണ് മസ്രത് സഹ്റ സ്വന്തമാക്കിയത്. 20000 ഡോളറാണ് പുരസ്‌കാരത്തുക.

ആന്‍ജ നിഡ്രിങ്കോസിനെ പോലെ ധൈര്യവും അര്‍പ്പണബോധവും പ്രതിഫലിപ്പിക്കുന്ന വനിതാ ഫോട്ടോ ജേണലിസ്റ്റുകള്‍ക്കാണ് വര്‍ഷാവര്‍ഷം പുരസ്‌കാരം സമ്മാനിക്കുന്നത്.

സഹ്റ ഫേസ്ബുക്കിലൂടെ പങ്കുവച്ച ചില ചിത്രങ്ങള്‍ രാജ്യസുരക്ഷ തകര്‍ക്കുന്നവയാണെന്ന് ആരോപിച്ച് കഴിഞ്ഞ ഏപ്രിലില്‍ കശ്മീര്‍ പൊലിസ് സഹ്റക്കെതിരേ യുഎപിഎ ചുമത്തിയിരുന്നു. വാഷിങ്ടണ്‍ പോസ്റ്റ്, ടിആര്‍ടി വേള്‍ഡ്, അല്‍ജസീറ, കാരവന്‍ മാഗസിന്‍ അടക്കം നിരവധി അന്തര്‍ദേശീയ മാധ്യമങ്ങളില്‍ മസ്രതിന്റെ ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തനിക്ക് ലഭിച്ച പുരസ്‌കാരം ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന സമാന വനിതാ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഏറെ പ്രചോദനമായിരിക്കുമെന്ന് പുരസ്‌കാരം ലഭിച്ച വാര്‍ത്തയോടെ സഹ്റ പ്രതികരിച്ചു.

ലോകമെമ്പാടും നിരവധി സമുദായങ്ങള്‍ സര്‍ക്കാര്‍ ഭീഷണികളും മാധ്യമ സ്വാതന്ത്ര്യത്തിന്റെ തകര്‍ച്ചയും മൂലം ഭീഷണിയും ഉപദ്രവവും സെന്‍സര്‍ഷിപ്പും നേരിടുന്നുണ്ടെന്ന് ഐഡബ്ല്യുഎംഎഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എലീസ ലീസ് മുനോസ് പറഞ്ഞു. പതിവായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കപ്പെടുന്ന കശ്മീരികളുടെ ദൈനംദിന ജീവിതത്തെ ലോകത്തിനു മുമ്പില്‍ കൊണ്ടുവരുന്നതാണ് സഹ്‌റയുടെചിത്രങ്ങളെന്ന് അവാര്‍ഡ് കമ്മിറ്റി വിലിയരുത്തി.

Tags:    

Similar News