ജിന്നുമ്മയുടെ 'പാത്തുട്ടി' തട്ടിയത് നാലര കിലോ സ്വര്‍ണം; രഹസ്യപൂജ വീട്ടുകാര്‍ പോലുമറിഞ്ഞില്ല
പൂജ തുടങ്ങിയിട്ട് കുറച്ചുദിവസമായെങ്കിലും സ്വര്‍ണം ഇരട്ടിക്കുന്നത് കാണാതായപ്പോള്‍ ഗഫൂര്‍ ഹാജിക്ക് സംശയം തുടങ്ങി
കാസര്‍കോട്: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം സി അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പോലിസ്. ഗഫൂര്‍ ഹാജിയുടെ കൈവശമുള്ള സ്വര്‍ണം ഇരട്ടിപ്പിച്ച് നല്‍കാന്‍ മന്ത്രവാദവും രഹസ്യപൂജയും നടത്താമെന്ന് പറഞ്ഞാണ് ജിന്നുമ്മ എന്നറിയപ്പെടുന്ന കെ എച്ച് ഷമീനയും സംഘവും ഗഫൂര്‍ ഹാജിയെ സമീപിച്ചത്. ഇത് വിശ്വസിച്ച അദ്ദേഹം വീട്ടുകാരെ ബന്ധുക്കളുടെ വീടുകളിലേക്ക് അയക്കുകയും ഒറ്റയ്ക്ക് രഹസ്യപൂജയ്ക്ക് തയ്യാറാവുകയും ചെയ്തതായി പോലിസ് പറയുന്നു.
ഒന്നര മാസം പൂജ നടത്തണമെന്നും ഓരോ ദിവസവും കര്‍മം ചെയ്തശേഷം സ്വര്‍ണം മണ്‍കുടത്തില്‍ അടച്ചുവെക്കണമെന്നുമായിരുന്നു ജിന്നുമ്മയുടെ ആവശ്യം. മന്ത്രവാദത്തിന് ഫലസിദ്ധിയുണ്ടാവണമെങ്കില്‍ പൂജ നടക്കുമ്പോള്‍ ഗഫൂര്‍ ഹാജി കണ്ണ് അടച്ചിരിക്കണമെന്നും നിര്‍ദേശം നല്‍കി. ഇങ്ങനെ ഗഫൂര്‍ ഹാജി കണ്ണടച്ചിരിക്കുന്ന നേരത്ത് ജിന്നുമ്മ സ്വര്‍ണം തന്റെ ബാഗിലേക്ക് മാറ്റും. മന്ത്രവാദത്തിനൊടുവില്‍ മലയാളം സംസാരിക്കുന്ന 'പാത്തൂട്ടി' എന്ന കര്‍ണാടകത്തിലെ പെണ്‍കുട്ടിയുടെ ആത്മാവ് പ്രവേശിച്ചെന്ന നാട്യത്തോടെ ഷമീന ഉറഞ്ഞുതുള്ളി പരിഹാരക്രിയകള്‍ നിര്‍ദേശിക്കും.
പരിഹാരമായി നിര്‍ദേശിക്കുന്ന ഒരു മന്ത്രത്തകിടിന് 50,000ല്‍ അധികം രൂപയാണ് ഷമീന ഈടാക്കിയിരുന്നത്. പൂജ തുടങ്ങിയിട്ട് കുറച്ചുദിവസമായെങ്കിലും സ്വര്‍ണം ഇരട്ടിക്കുന്നത് കാണാതായപ്പോള്‍ ഗഫൂര്‍ ഹാജിക്ക് സംശയം തുടങ്ങി. തുടര്‍ന്ന് സ്വര്‍ണം മുഴുവന്‍ തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് സ്വര്‍ണ-പണ തട്ടിപ്പ് കൊലപാതകത്തിലെത്തിയത്. മന്ത്രവാദം തുടങ്ങി ഏതാനും സമയത്തിനുള്ളില്‍ ഗഫൂര്‍ ഹാജിയുടെ വീട്ടിലെ 596 പവന്‍ സ്വര്‍ണവും ബന്ധുക്കളുടെ കൈയ്യില്‍ നിന്നു കൊണ്ടുവന്ന സ്വര്‍ണവുമാണ് സംഘം തട്ടിയെടുത്തത്. പണമായി മാത്രം പത്ത് ലക്ഷം രൂപയും തട്ടിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി കാസര്‍കോട് നഗരത്തിലെ ചില പ്രമുഖ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലിസ്. കാണാതായ നാലുകിലോയിലേറെ സ്വര്‍ണാഭരണങ്ങള്‍ ആരുടെ കൈവശമൊക്കെ എത്തിയെന്നറിയാനാണ് ഇവരെ ചോദ്യം ചെയ്യുന്നത്. പ്രതികളെ കാസര്‍കോട് നഗരത്തിലെ ജൂവലറികളില്‍ എത്തിച്ച് വില്പന നടത്തിയ 29 പവന്‍ സ്വര്‍ണം കണ്ടെടുത്തു.
വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ക്രിമിനല്‍ സ്വഭാവമുള്ളവരെ സംഘടിപ്പിച്ചാണ് ഷമീനയും ഭര്‍ത്താവും തട്ടിപ്പുകള്‍ ആസൂത്രണം ചെയ്തതെന്ന് പോലിസ് പറയുന്നു. ഒരു പ്രദേശത്തെ സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളവരെ കണ്ടെത്തി അവരുടെ കുടുംബപശ്ചാത്തലം ശേഖരിച്ച് ജിന്നുമ്മയ്ക്ക് കൈമാറുകയാണ് മറ്റുള്ളവര്‍ ചെയ്യുക. ജിന്നുമ്മയാണ് കഷ്ടതകളില്‍നിന്ന് മോചിപ്പിച്ചതെന്ന് ഇരയാക്കാന്‍ കണ്ടെത്തിയ ആളോട് ഇവര്‍ പറയുകയും ചെയ്യും. ഇങ്ങനെ ജില്ലയുടെ പല സ്ഥലത്തുമുള്ള പണക്കാരുടെ വീടുകളില്‍ ഈ സംഘം തട്ടിപ്പ് നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീരപ്രദേശത്തെ ഒരു പ്രവാസിയെ ഹണി ട്രാപ്പില്‍പെടുത്തി ആഭരണങ്ങളും പണവും തട്ടിയെടുത്ത കേസില്‍ 14 ദിവസം ഇവര്‍ ജയിലില്‍ കിടന്നിരുന്നു. അന്ന് ഒപ്പം നിന്നവരാണ് ഇപ്പോഴത്തെ തട്ടിപ്പ് സംഘത്തിലുമുള്ളത്. കേസില്‍ തങ്ങളെ പോലിസ് ശല്യം ചെയ്യുന്നുവെന്നാരോപിച്ച് പ്രതികള്‍ ഹൈക്കോടതിയേയും സമീപിച്ചിരുന്നു.
കേസിലെ ഒന്നാം പ്രതിയായ ടി എം ഉബൈസിനും ഭാര്യയും രണ്ടാം പ്രതിയുമായ ജിന്നുമ്മ എന്ന ഷമീനക്കും മൂന്നാം പ്രതി പി എം അസ്‌നിഫക്കുമെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. നാലാം പ്രതി ആയിഷയ്‌ക്കെതിരേ തെളിവ് നശിപ്പിക്കല്‍ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.