മുഖ്യമന്ത്രി തിങ്കളാഴ്ച പത്രിക നല്‍കും; പ്രകടനങ്ങളോ ആള്‍ക്കൂട്ടമോ ഉണ്ടാവില്ല
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള കണ്ണൂര്‍ ജില്ലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ 15, 16, 17 തിയ്യതികളിലായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മുഖ്യമന്ത്രിയും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുമാണ് ആദ്യദിവസം പത്രിക നല്‍കുക. കൂത്തുപറമ്പ് സ്ഥാനാര്‍ഥി കെ പി മോഹനന്‍ 17ന് രാവിലെ 11ന് പത്രിക നല്‍കും. ബാക്കി എട്ടുപേരും 16ന്. മാഹിയില്‍ എല്‍ഡിഎഫ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി എന്‍ ഹരിദാസ് 17ന് പത്രിക നല്‍കും. തിരഞ്ഞെടുപ്പു കമീഷന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചാകും പത്രിക സമര്‍പ്പണം.
തിങ്കളാഴ്ച രാവിലെ 11നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വരണാധികാരിയായ എഡിസി(ജനറല്‍) മുമ്പാകെ പത്രിക നല്‍കുക. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടന്‍ മന്ദിരത്തില്‍നിന്ന് പ്രമുഖ എല്‍ഡിഎഫ് നേതാക്കള്‍ക്കൊപ്പം അദ്ദേഹം കലക്ടറേറ്റിലെത്തും. പ്രകടനവും ആള്‍ക്കൂട്ടവുമുണ്ടാവില്ല. 11.30ഓടെ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വരണാധികാരിയായ ഡെപ്യൂട്ടി കലക്ടര്‍(ആര്‍ആര്‍) മുമ്പാകെ പത്രിക നല്‍കും.
എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ മന്ത്രി കെ കെ ശൈലജ(മട്ടന്നൂര്‍), എം വി ഗോവിന്ദന്‍(തളിപ്പറമ്പ്), കെ വി സുമേഷ്(അഴീക്കോട്), എം വിജിന്‍(കല്യാശ്ശേരി), കെ വി സക്കീര്‍ ഹുസയ്ന്‍(പേരാവൂര്‍) എന്നിവര്‍ 16ന് രാവിലെ 11ന് കണ്ണൂരില്‍ ബന്ധപ്പെട്ട വരണാധികാരികള്‍ മുമ്പാകെ പത്രിക നല്‍കും. അന്നു തന്നെ തലശ്ശേരി സ്ഥാനാര്‍ഥി എ എന്‍ ഷംസീര്‍ തലശേരിയില്‍ വരണാധികാരിയായ സബ്കലക്ടര്‍ക്കും പയ്യന്നൂര്‍ സ്ഥാനാര്‍ഥി ടി ഐ മധുസൂദനന്‍ ഉപവരണാധികാരിയായ പയ്യന്നൂര്‍ ബിഡിഒയ്ക്കും ഇരിക്കൂര്‍ സ്ഥാനാര്‍ഥി സജി കുറ്റിയാനിമറ്റം ഉപവരണാധികാരിയായ ശ്രീകണ്ഠപുരം ബിഡിഒയ്ക്കും പത്രിക നല്‍കും.
Kearala assembly election-2021: Pinarayi to file nomination on Monday