നിയമസഭയില്‍ വിശ്വാസ പ്രമേയം അവതരിപ്പിച്ച് കെജ്‌രിവാള്‍; പ്രതിഷേധിച്ച ബിജെപി എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

Update: 2022-08-29 07:50 GMT

ന്യൂഡല്‍ഹി:ആം ആദ്മി എംഎല്‍എമാര്‍ക്ക് 20 കോടി രൂപ വാഗ്ദാനം ചെയ്ത് സര്‍ക്കാരിനെ അട്ടിമറിക്കനുള്ള ബിജെപിയുടെ ഓപ്പറേഷന്‍ താമര നീക്കത്തിനെതിരേ നിയമസഭയില്‍ വിശ്വാസപ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. വിശ്വാസ പ്രമേയത്തിനിടേ നിയമസഭയില്‍ പ്രതിഷേധിച്ച ബിജെപി എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തു.

നിയമസഭ നടപടികള്‍ ആരംഭിച്ചതു മുതല്‍ പ്രതിഷേധം നടത്തിയ ബിജെപി എംഎല്‍എമാരെ ഡെപ്യൂട്ടി സ്പീക്കര്‍ രാഖി ബിര്‍ളയാണ് ഇന്നത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.നിയമസഭയില്‍ ബിജെപിക്കതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് കെജ്‌രിവാള്‍ നടത്തിയത്.നികുതിപ്പണം ഓപ്പറേഷന്‍ താമരയ്ക്ക് വേണ്ടി ഉപയോഗിക്കുകയാണെന്നും നികുതിപ്പണം എവിടെ പോകുന്നു എന്ന് കേന്ദ്ര സര്‍ക്കാര്‍ പറയണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.

'ഡല്‍ഹിയില്‍ ഓപ്പറേഷന്‍ താമര പരാജയപ്പെട്ടു. ഭക്ഷ്യവസ്തുക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നികുതി കുത്തനെ കൂട്ടി. നികുതി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായാല്‍ രാജ്യത്തെ വിലക്കയറ്റം തനിയെ കുറയുമെന്നും' കെജരിവാള്‍ പറഞ്ഞു.കോടിപതികളുടെ കടങ്ങള്‍ എഴുതി തള്ളുന്നുണ്ടെങ്കിലും കര്‍ഷകരുടെയും വിദ്യാര്‍ഥികളുടെയും കടങ്ങള്‍ എഴുതി തള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എഎപി വിട്ട് ബിജെപിയിലേക്ക് വന്നാല്‍ തനിക്കെതിരേയുളള എല്ലാ കേസുകളും ഇല്ലാതാക്കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നേരത്തേ ആരോപിച്ചിരുന്നു. മനീഷ് സിസോദിയക്കതിരെ ഇഡി കളളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്‌യുകയും,സിബിഐ സിസോദിയയുടെ വീട് റെയ്ഡ് ചെയ്യുകയും ചെയ്തിരുന്നു.എന്നാല്‍ അഴിമതി ആരോപണങ്ങളില്‍ നിന്നും അന്വേഷണങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനുളള ശ്രമമാണ് കെജ്‌രിവാള്‍ നടത്തുന്നതെന്നാണ് ബിജെപിയുടെ ആരോപണം.




Similar News