സില്‍വര്‍ ലൈനിന് ഉടക്കിട്ട് കേന്ദ്രം; പിന്നാലെ മൂന്നാം ലൈനെന്ന ഹിഡന്‍ അജണ്ടയുമായി ബിജെപി

Update: 2022-07-27 06:14 GMT

‌‌ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഇടതുസര്‍ക്കാര്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച കെ-റെയില്‍ സില്‍വര്‍ ലൈനിനെ എതിര്‍ക്കുകയും കേന്ദ്രം അനുമതി നല്‍കാതിരിക്കുകയും ചെയ്തതിനു പിന്നാലെ കേരളത്തിന് മൂന്നാമത്തെ റെയലില്‍വേ ലൈന്‍ വേണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്. സില്‍വര്‍ ലൈനിനു ബദലായി കേരളത്തിലെ റെയില്‍വെ വികസനം നടപ്പാക്കണമെന്ന് ആവശ്യവുമായി കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തില്‍ സംസ്ഥാന ബിജെപി നേതാക്കള്‍ ഇന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെ കാണും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് പാര്‍ലമെന്റിലാണ് കൂടിക്കാഴ്ച. ഇതോടെ, കെ-റെയിലിനെ എതിര്‍ക്കുകയും പുതിയ പദ്ധതിയിലൂടെ ബിജെപിയെ വികസനനായകരാക്കുകയുമാണ് ലക്ഷ്യമിടുന്നതെന്ന ആരോപണങ്ങള്‍ക്ക് ശക്തി പകരും.

    കേരളത്തിന് മൂന്നാമത്തെ റെയലില്‍വേ ലൈന്‍ വേണമെന്ന അവശ്യം ബിജെപി നേതാക്കള്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ അറിയിക്കും. നിലവിലുള്ള കേരളത്തിലെ റെയില്‍വേ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കണം. മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ക്ക് അനുമതി നല്‍കണമെന്നും കൂടിക്കാഴ്ചയില്‍ ആവശ്യപ്പെടുമെന്നാണ് റിപോര്‍ട്ട്. ബിജെപി സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുമ്പോഴെല്ലാം കേരളത്തെ അവഗണിക്കുകയാണ് പതിവ്. വണ്ടികള്‍ അനുവദിക്കുന്നതിലും മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതിലുമെല്ലാം കേരളത്തോട് അവഗണന തുടരുകയാണ്. ഇതിനിടെയാണ് സില്‍വര്‍ ലൈനിനു ബദലെന്ന രീതിയില്‍ ബിജെപി രംഗത്തുവരുന്നത്. നേരത്തെ തന്നെ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് ബിജെപി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇ ശ്രീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ കെ-റെയില്‍ പദ്ധതിക്കെതിരേ രംഗത്തുവന്നിരുന്നു. പ്രതിപക്ഷ പ്രതിഷേധവും ശക്തമായതോടെ പദ്ധതിക്ക് ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. ഇതിനു പിന്നാലെയാണ് ബിജെപി നേതാക്കള്‍ റെയില്‍വേ മന്ത്രിയെ കാണുന്നത് എന്നത് ഹിഡന്‍ അജണ്ടയുണ്ടെന്ന വാദത്തിന് ബലം പകരും.




Similar News