റോഡ് കെട്ടിയടച്ച് സിപിഎം സമ്മേളനം നടത്തിയ സംഭവം: എം വി ഗോവിന്ദന്‍ അടക്കമുള്ളവര്‍ക്കെതിരേ കോടതിയലക്ഷ്യ നടപടി വന്നേക്കും

Update: 2024-12-16 16:11 GMT

കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരില്‍ സിപിഎം പാളയം ഏരിയാ സമ്മേളനം റോഡ് കെട്ടിയടച്ച് നടത്തിയ സംഭവത്തില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അടക്കമുള്ളവര്‍ക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാമോയെന്ന കാര്യം ഹൈക്കോടതി പരിശോധിക്കും. റോഡ് തടഞ്ഞ് നിര്‍മിച്ച വേദിയില്‍ ഇരിക്കുന്നവരും സംഘാടകരും പരിപാടിയില്‍ പങ്കെടുത്തവരും നിയമപരമായ പ്രത്യഘാതം നേരിടണമെന്ന് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീ കൃഷ്ണ എന്നിവരടങ്ങിയ ബെഞ്ച് വാക്കാല്‍ പറഞ്ഞു. പൊതുറോഡുകള്‍ കെട്ടിയടക്കരുതെന്നും മറ്റുമുള്ള മുന്‍ ഉത്തരവുകള്‍ക്കെതിരാണ് പരിപാടിയെന്നും അതിനാല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ കഴിയുമോയെന്നുമാണ് കോടതി പരിശോധിക്കുക. കേസില്‍ ഡിസംബര്‍ പതിനെട്ടിന് വിശദമായ വാദം കേള്‍ക്കും.

ഡിസംബര്‍ അഞ്ചിന് നടന്ന സിപിഎം പാളയം ഏരിയാ കമ്മിറ്റി സമ്മേളനത്തില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ അറിയിക്കാന്‍ കഴിഞ്ഞ ദിവസത്തെ വാദം കേള്‍ക്കലില്‍ ഡിജിപിക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഈ വിവരങ്ങള്‍ ഇന്ന് ഡിജിപി കോടതിയില്‍ സമര്‍പ്പിച്ചു. റോഡുകള്‍ തടയുന്നതും ഗതാഗതം തടസപ്പെടുത്തുന്നതും നിയമപ്രകാരം കുറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ കൂടി വരുകയാണ്. 2024 തുടക്കം മുതല്‍ ഒക്ടോബര്‍ വരെ മാത്രം സംസ്ഥാനത്ത് 40,824 വാഹനാപകടങ്ങളാണ് നടന്നത്. 3,168 പേര്‍ മരിച്ചു. 45,657 പേര്‍ക്ക് പരിക്കേറ്റു.

റോഡില്‍ അനധികൃത നിര്‍മാണങ്ങള്‍ നടത്തുന്നത് കാല്‍നടയാത്രക്കാരെ കൂടുതല്‍ പ്രതികൂലമായി ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവരെ എന്തു ചെയ്യാന്‍ പറ്റുമെന്ന് നോക്കട്ടെയെന്ന് കോടതി പറഞ്ഞത്.

പരിപാടിയില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ നല്‍കാന്‍ ഡിജിപിക്ക് കോടതി നിര്‍ദേശം നല്‍കിയതിന് പിന്നാലെ സംഘാടകര്‍ക്കെതിരേ വഞ്ചിയൂര്‍ പോലിസ് കേസെടുത്തിരുന്നു. 30ഓളം സിപിഎം നേതാക്കള്‍ക്കെതിരെയാണ് കേസ്. ഏരിയാ സെക്രട്ടറി വഞ്ചിയൂര്‍ പി ബാബുവാണ് ഒന്നാം പ്രതി. 20 ഏരിയാ കമ്മിറ്റി അംഗങ്ങളെയും പ്രതിയാക്കിയിട്ടുണ്ട്. വേദി കെട്ടാന്‍ കരാറെടുത്തവര്‍ക്കെതിരേയും മൈക്ക് സെറ്റ് ഓപ്പറേറ്റര്‍മാര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. റോഡില്‍ സ്‌റ്റേജ് കെട്ടിയ എട്ടു ഇതര സംസ്ഥാനത്തൊഴിലാളികളും കേസില്‍ പ്രതികളാണ്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാവുമെന്ന് പോലിസ് അറിയിച്ചു.

കഴിഞ്ഞ അഞ്ചിനായിരുന്നു പൊതുസമ്മേളനം നടത്തുന്നതിന് വഞ്ചിയൂര്‍ കോടതിക്കും പോലീസ് സ്‌റ്റേഷനും മുന്നില്‍ ഒരു വശത്തേക്കുള്ള റോഡ് പൂര്‍ണമായും കൈയേറി സിപിഎം വേദി നിര്‍മിച്ചത്. സംഭവദിവസം രാത്രി കണ്ടാലറിയാവുന്ന അഞ്ഞൂറോളം പേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തിരുന്നത്.

Similar News