ആദ്യകാല നടന്‍ തോമസ് ബര്‍ളി അന്തരിച്ചു

1953ല്‍ പുറത്തിറങ്ങിയ തിരമാല എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

Update: 2024-12-16 16:34 GMT

കൊച്ചി: മലയാള സിനിമയിലെ ആദ്യകാല നടനും സംവിധായകനുമായ തോമസ് ബര്‍ളി(92) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എറണാകുളം ജില്ലയിലെ ഫോര്‍ട്ട് കൊച്ചി സ്വദേശിയായ തോമസ് ബര്‍ളി 1953ല്‍ പുറത്തിറങ്ങിയ തിരമാല എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. 'ഇതു മനുഷ്യനോ' എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. 1985ല്‍ പ്രേംനസീര്‍ നായകനായി പുറത്തിറങ്ങിയ 'വെള്ളരിക്കാപ്പട്ടണം' എന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഗീതം, നിര്‍മ്മാണം, സംവിധാനം എന്നിവയെല്ലാം തോമസ് ബര്‍ളി തന്നെ ചെയ്തു.

തിരമാല പുറത്തിറങ്ങി രണ്ടാം വര്‍ഷം ചലച്ചിത്രപഠനത്തിനായി അമേരിക്കയിലേക്ക് പോയി. 15 വര്‍ഷക്കാലം അവിടെ പഠനത്തിനായും മറ്റും ചിലവഴിച്ചു. അക്കാലത്ത് ഹോളിവുഡില്‍ മായാ എന്നൊരു ചിത്രം കുട്ടികള്‍ക്കായി അദ്ദേഹം പുറത്തിറക്കി. ഫ്രാങ്ക് സിനാത്ര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നെവര്‍ സുഫ്യൂ എന്ന ഹോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചു. ചിത്രരചനയിലും പ്രവേശിച്ച തോമസ് രചിച്ച ഗാലിയന്‍ എന്ന ചിത്രം രാജ്യാന്തരചിത്രരചനാപ്രദര്‍ശനത്തില്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് നാട്ടില്‍ തിരിച്ചത്തിയ ശേഷമാണ് 'ഇതു മനുഷ്യനോ' എന്ന ചിത്രം സംവിധാനം ചെയ്തത്. ഇംഗ്ലീഷ് കവിത ബിയോന്‍ഡ് ഹാര്‍ട്ട് എന്ന പേരില്‍ പുറത്തിറക്കി.

Similar News