യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു; മൃതദേഹം മാറ്റാന്‍ സമ്മതിക്കാതെ നാട്ടുകാര്‍

ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെയാണ് എല്‍ദോസിനെ ആന ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.

Update: 2024-12-16 16:19 GMT

എറണാകുളം: കോതമംഗലം ഉരുളന്‍തണ്ണിയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. കോടിയാട്ട് വര്‍ഗീസിന്റെ മകന്‍ എല്‍ദോസാ(40)ണ് മരിച്ചത്. സംഭവ സ്ഥലത്തുനിന്ന് മൃതദേഹം മാറ്റാന്‍ അനുവദിക്കാതെ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെയാണ് എല്‍ദോസിനെ ആന ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഛിന്നഭിന്നമായ നിലയിലാണ് എല്‍ദോസിന്റെ മൃതദേഹം.

എല്‍ദോസിന് ഒപ്പമുണ്ടായ ആള്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഇയാളാണ് നാട്ടുകാരെയും വനംവകുപ്പിനെയും വിവരം അറിയിച്ചത്. ഇവിടെനിന്ന് ഒരു കിലോമീറ്റര്‍ ദൂരമാണ് എല്‍ദോസിന്റെ വീട്ടിലേക്കുള്ളത്.

കുട്ടമ്പുഴ പഞ്ചായത്തിലെ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഈ പ്രദേശത്ത് അറുപതോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. വനാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശത്ത് വേലി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.

Similar News