തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായ കേരള പോലിസിന് മറ്റൊരു സുപ്രധാന നേട്ടം കൂടി. ലോകത്ത് ഏറ്റവുമധികം ഫോളോവേഴ്‌സുള്ള സ്‌റ്റേറ്റ് പോലിസ് ഫേസ്ബുക്ക് പേജ് എന്ന നേട്ടത്തിന് ശേഷം ഇപ്പോള്‍ വണ്‍ മില്യണ്‍(10 ലക്ഷം) ആരാധകരുള്ള ആദ്യത്തെ പോലിസ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടെന്ന അപൂര്‍വ നേട്ടം കേരള പോലിസ് സ്വന്തമാക്കിയത്. രാജ്യത്തെ പ്രധാന പോലിസ് സേനകളായ മുംബൈ പോലിസിനെയും ബാംഗ്ലൂര്‍ സിറ്റി പോലിസിനെയും ബഹുദൂരം പിന്നിലാക്കിയാണ് കേരള പോലിസിന്റെ ശ്രദ്ധേയമായ മുന്നേറ്റം. രാജ്യാന്തര തലത്തില്‍ ഇന്റര്‍പോളിനും ന്യൂയോര്‍ക്ക് പോലിസിനും അഞ്ചു ലക്ഷത്തില്‍ താഴെമാത്രമാണ് ആരാധകരുള്ളത്.
2018ല്‍ പോലിസ് ആസ്ഥാനത്ത് ആരംഭിച്ച സോഷ്യല്‍ മീഡിയാ സെല്ലിനു കീഴില്‍ പോലിസിന്റെ സാമൂഹിക മാധ്യമ ഇടപെടലുകള്‍ ഏറെ ജനപ്രീതിയാര്‍ജ്ജിച്ചിരുന്നു. കൗമാരക്കാര്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ഇന്‍സ്റ്റഗ്രാമില്‍ അവരുടെ അഭിരുചികള്‍ക്ക് അനുസൃതമായ വിധത്തില്‍ തയ്യാറാക്കിയ പോലിസിന്റെ ബോധവല്‍ക്കരണ പോസ്റ്റുകളും ചെറു വീഡിയോകളും വന്‍ ഹിറ്റുകളായി. എഡിജിപി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തിലുള്ള മീഡിയാ സെല്ലില്‍ എഎസ്‌ഐ കമല്‍നാഥ്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ വി എസ് ബിമല്‍, പി എസ് സന്തോഷ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ ബി ടി അരുണ്‍, കെ സന്തോഷ്, അഖില്‍, നിധീഷ് എന്നീ ഉദ്യോഗസ്ഥരാണുള്ളത്.
Kerala Police with One Million Followers on Instagram