കേരളാ പോലിസിന്റെ തോക്കും തിരകളും കാണാതായ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കും
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോവുകയായിരുന്ന കേരള പോലിസ് സംഘത്തിന്റെ തോക്കും തിരയും കാണാതായ സംഭവത്തില്‍ അന്വേഷണം ക്രൈബ്രാഞ്ചിനു വിട്ടേക്കും. മധ്യപ്രദേശ്, രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു പോവുകയായിരുന്ന സംഘത്തിന്റെ തോക്കും തിരകളുമാണ് കാണാത്യത്. ജബല്‍പൂര്‍ പരിസരത്ത് 150 കിലോ മീറ്ററോളം റെയില്‍വെ ട്രാക്കില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ഇതേത്തുടര്‍ന്ന് അന്വേഷണസംഘം നാളെ കേരളത്തിലേക്ക് തിരിക്കുമെന്നാണ് റിപോര്‍ട്ട്. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് രാജസ്ഥാനിലേക്കുള്ള യാത്രയ്ക്കിടെ എസ്‌ഐ വിശാഖ് കൈവശം വച്ചിരുന്ന തോക്കും തിരയും അടങ്ങിയ ബാഗാണ് കാണാതായത്. ജബല്‍പ്പൂര്‍ പരിസരത്ത് നിന്നാണ് ബാഗ് നഷ്ടമായതെന്നാണ് സൂചന. വിഷയത്തില്‍ പോലിസ് സംഘത്തിന്റെ ചുമതലയുണ്ടായിരുന്ന കെഎപി മൂന്ന് കമാന്‍ഡന്റിനോട് ബറ്റാലിയന്‍ ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാര്‍ റിപോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവത്തില്‍ മധ്യപ്രദേശ് പോലിസും കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.