കേരളം ബൂത്തിലേക്ക്; വിധിയെഴുതുന്നത് 2.61 കോടി വോട്ടര്‍മാര്‍
സംസ്ഥാനത്തെ ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രത്തിലെ സാങ്കേതിക തകരാറ് കാരണം മോക്ക് പോളിങ് തടസ്സപ്പെട്ടിട്ടുണ്ട്
തിരുവനന്തപുരം: ഒന്നര മാസത്തോളം നീണ്ട പ്രചാരണങ്ങള്‍ക്കൊടുവില്‍ കേരളം ഇന്ന് ബൂത്തിലേക്ക്. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിലാണ് കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴുമുതല്‍ വോട്ടെടുപ്പ് തുടങ്ങും. ഇതിനു മുന്നോടിയായി ബുത്തുകളില്‍ മോക്ക് പോളിങ് നടന്നുവരികയാണ്. വോട്ടിങ് യന്ത്രം പരിശോധിച്ച് ഉറപ്പുവരുത്തുന്ന പ്രക്രിയയാണ് മോക്ക് പോളിങ്. സംസ്ഥാനത്തെ ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രത്തിലെ സാങ്കേതിക തകരാറ് കാരണം മോക്ക് പോളിങ് തടസ്സപ്പെട്ടിട്ടുണ്ട്. വിവിപാറ്റ് കൂടി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് വോട്ടെടുപ്പ് തുടങ്ങുക. കേരളത്തില്‍ ആകെ 2.61 കോടി വോട്ടര്‍മാരാണുള്ളത്. ഇതില്‍ 2,88,191 പേര്‍ കന്നിവോട്ടര്‍മാരാണ്.ആകെയുള്ള 2,61,51,534 വോട്ടര്‍മാരില്‍ 1,34,66,521 പേര്‍ സ്ത്രീകളും 1,26,84,839 പുരുഷന്മാരുമാണ്. 174 ട്രാന്‍സ്‌ജെന്‍ഡറുകളുണ്ട്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍. ഏറ്റവും കുറവ് വയനാട്ടിലും. സംസ്ഥാനത്ത് ഒറ്റഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന് ആകെ 24970 പോളിങ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വൈകീട്ട് ആറു വരെയാണ് പോളിങ് സമയം. ആറു മണിക്ക് ബൂത്തിലെ ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കും. സുരക്ഷാ ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. കേരളത്തിലെ 20 മണ്ഡലങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ 117 ലോക്‌സഭ മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തെ 20 ലോക്‌സഭ മണ്ഡലങ്ങളിലായി ആകെ 227 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്ന വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത്-20 പേര്‍. ഏറ്റവും കുറവ് ആലത്തൂരിലാണ്-6.