സംസ്ഥാനത്ത് കൊറോണ റാപ്പിഡ് ടെസ്റ്റിന് ഇന്നു തുടക്കം; ആദ്യ പരിശോധന പോത്തന്‍കോട്

കൊറോണ വൈറസ് ബാധിച്ച് രോഗി മരിച്ചതിന് പിന്നാലെ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ച പോത്തന്‍കോടാണ് റാപ്പിഡ് കിറ്റ് ഉപയോഗിച്ചുളള ആദ്യ പരിശോധന

Update: 2020-04-04 02:46 GMT

തിരുവനന്തപുരം:തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനുള്ള റാപ്പിഡ് ടെസ്റ്റിന് ഇന്നു തുടക്കം. കൊറോണ വൈറസ് ബാധിച്ച് രോഗി മരിച്ചതിന് പിന്നാലെ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ച പോത്തന്‍കോടാണ് റാപ്പിഡ് കിറ്റ് ഉപയോഗിച്ചുളള ആദ്യ പരിശോധന. സംസ്ഥാനത്ത് റാപ്പിഡ് റെസ്റ്റ് കിറ്റുകളുടെ ആദ്യ ബാച്ച് എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.

പോത്തന്‍കോട് രോഗിയുമായി അടുത്ത് ഇടപഴകിയവരുടേതടക്കം കൂടുതല്‍ പേരുടെ ഫലം ഇന്ന് ലഭിക്കും. അതേ സമയം പോത്തന്‍കോട് കൊറോണ ബാധിച്ച് മരിച്ച അബ്ദുല്‍ അസിസില്‍ എങ്ങനെ രോഗം പകര്‍ന്നതെന്ന് ഇതു വരെ കണ്ടെത്താനായിട്ടില്ല. ഇതിനായുളള ശ്രമം തുടരുകയാണ്.

ശശിതരൂര്‍ എംപിയാണ് എഫി ഫണ്ട് വിനിയോഗിച്ച് കഴിഞ്ഞ ദിവസം 1000 റാപ്പിഡ് റെസ്റ്റ് കിറ്റുകളെത്തിച്ചത്. ആകെ 3000 കിറ്റുകളാണ് എംപി തിരുവനന്തപുരം ജില്ലയിലെത്തിക്കുന്നത്. വരുന്ന ഞായറാഴ്ച 2000 എണ്ണം കൂടി എത്തും. റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വഴി രണ്ടര മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കും. നിലവില്‍ ഫലം അറിയാനായി ആറ്, ഏഴ് മണിക്കൂറുകള്‍ വേണം.

എംപി ഫണ്ടില്‍ നിന്നും 57 ലക്ഷം രൂപ ചെലവിട്ടാണ് 3000 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ശശിതരൂര്‍ എത്തിക്കുന്നത്. കൂടാതെ ഒരു കോടി രൂപ ചെലവിട്ട് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ പ്രാദേശികമായി നിര്‍മ്മിക്കുമെന്നും എംപി പറഞ്ഞു.

അതേസമയം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിക്കുന്ന റാപ്പിഡ് റെസ്റ്റ് കിറ്റ് പരീക്ഷണത്തിനായി 4 രോഗികളില്‍ നിന്നും സാമ്പിള്‍ എടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. കോവിഡ് 19 രോഗം ഭേദമായ 4 രോഗികളില്‍ നിന്നുള്ള പ്ലാസ്മ ആണ് ശേഖരിക്കുക. ഉപാധികളോടെയാണ് അനുമതി. 

Tags:    

Similar News