ആര്‍എസ്എസ് 'പ്രോട്ടോ ഫാഷിസ്റ്റെ'ന്ന പരാമര്‍ശം: അസി. പ്രഫസര്‍ ഖേദം പ്രകടിപ്പിച്ചു; കേന്ദ്രസര്‍വകലാശാല സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനുള്ള ഉത്തരവിനൊപ്പം ശക്തമായ മുന്നറിയിപ്പ് കത്തും നല്‍കിയതായി സര്‍വകലാശാലയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത്തരം വാക്കുകള്‍ ആവര്‍ത്തിക്കരുതെന്നും അത് ക്ലാസ് മുറിയില്‍ അനൈക്യത്തിന് ഇടയാക്കണമെന്നും' കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആവര്‍ത്തിച്ചാല്‍ സിസിഎസ് നിയമപ്രകാരം വലിയ വില കൊടുക്കേണ്ടിവരുമെന്നും കത്തിലുണ്ട്.

Update: 2021-06-10 19:03 GMT

കാസര്‍കോഡ്: ആര്‍എസ്എസിനെയും ബിജെപിയെയും 'പ്രോട്ടോ ഫാഷിസ്റ്റ് സംഘടന'കളെന്ന് വിശേഷിപ്പിച്ചതിനു സസ്‌പെന്‍ഷനിലായ കേരളത്തിലെ കേന്ദ്രസര്‍വകലാശാല അസി. പ്രഫസര്‍ ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഖേദം പ്രകടിപ്പിച്ചു കൊണ്ട് ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. എച്ച് വെങ്കിടേശ്വര്‍ലുവിന് കത്തെഴുതിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ റദ്ദാക്കിയത്.

തന്റെ ഓണ്‍ലൈന്‍ സെഷന്‍ പൊതുജനങ്ങളിലേക്ക് ചോര്‍ന്നതിനെത്തുടര്‍ന്ന് സര്‍വകലാശാലയ്ക്ക് ഉണ്ടായ അപമാനത്തില്‍ ഖേദിക്കുന്നുവെന്നായിരുന്നു അസി. പ്രഫസര്‍ ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്റെ രേഖാമൂലമുള്ള പ്രതികരണം. സര്‍വകലാശാലയുടെ ആഭ്യന്തര സംവിധാനങ്ങളിലൂടെയാണ് പ്രശ്‌നം പരിഹരിച്ചതെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു:

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തെ വിമര്‍ശിച്ചുകൊണ്ട് ഓണ്‍ലൈന്‍ ക്ലാസില്‍ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശലയിലെ ഇന്റര്‍നാഷനല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സ് വകുപ്പിലെ അസി. പ്രഫസറായ സെബാസ്റ്റ്യനെ ഇക്കഴിഞ്ഞ മെയ് 17 ന് സസ്‌പെന്‍ഡ് ചെയ്തത്.

കേന്ദ്ര സിവില്‍ സര്‍വീസസ്(പെരുമാറ്റം) ചട്ടങ്ങളുടെ ലംഘനം ആരോപിച്ചായിരുന്നു നടപടി. ആര്‍എസ്എസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എബിവിപി വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സര്‍വകലാശാല നടപടി സ്വീകരിച്ചത്. മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ വിദ്യാഭ്യാസ നിരീക്ഷണ സമിതി(പട്ടികജാതി, എസ്ടി, പ്രത്യേക ആവശ്യങ്ങള്‍ ഉള്ളവര്‍, ന്യൂനപക്ഷ വിദ്യാഭ്യാസം) അംഗം വിനോദ് കരുവാരകുണ്ട് എന്നിവര്‍ അസി. പ്രഫസര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയിരുന്നു.

    ഏപ്രില്‍ 19 ന് 'ഫാഷിസവും നാസിസവും' എന്ന ഓണ്‍ലൈന്‍ ക്ലാസിനിടെയാണ് ആര്‍എസ്എസിനെയും ബിജെപിയെയും കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയങ്ങളെയും കുറിച്ച് ഗില്‍ബെര്‍ട്ട് വിമര്‍ശിക്കുകയും ഇവ രണ്ടും പ്രോട്ടോ ഫാഷിസ്റ്റ് സംഘടനകളാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തത്. തുടര്‍ന്ന് എബിവിപി മുന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയായ വിനോദ് കരുവാരക്കുണ്ട് അതേ ദിവസം തന്നെ പരാതി ഫയല്‍ ചെയ്തു. അധ്യാപകനെ സസ്‌പെന്റ് ചെയ്ത നടപടിക്കെതിരേ എംപിമാരായ ശശി തരൂര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍(കോണ്‍ഗ്രസ്), വി ശിവദാസന്‍(സിപിഎം) എന്നിവര്‍ രംഗത്തെത്തിയിരുന്നു.

സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉദുമയില്‍ നിന്നുള്ള നിയമസഭാംഗം സി എച്ച് കുഞ്ഞമ്പു മാനവ വിഭവശേഷി മന്ത്രിക്ക് കത്തെഴുതിയിരുന്നു. അധ്യാപകനെതിരായ നടപടി അക്കാദമിക് സ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്ന് അവര്‍ വാദിച്ചു. എബിവിപി ഒഴികെയുള്ള മിക്കവാറും എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും അധ്യാപകനെതിരായ നടപടിയെ അപലപിച്ച് പ്രസ്താവനകള്‍ നടത്തി.

എന്നാല്‍, ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്‍ സിസിഎസ് നിയമങ്ങള്‍ ലംഘിച്ചെ നിലപാടാണ് കേന്ദ്ര സര്‍വകലാശാല കൈക്കൊണ്ടത്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനുള്ള ഉത്തരവിനൊപ്പം ശക്തമായ മുന്നറിയിപ്പ് കത്തും നല്‍കിയതായി സര്‍വകലാശാലയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത്തരം വാക്കുകള്‍ ആവര്‍ത്തിക്കരുതെന്നും അത് ക്ലാസ് മുറിയില്‍ അനൈക്യത്തിന് ഇടയാക്കണമെന്നും' കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആവര്‍ത്തിച്ചാല്‍ സിസിഎസ് നിയമപ്രകാരം വലിയ വില കൊടുക്കേണ്ടിവരുമെന്നും കത്തിലുണ്ട്.

Kerala varsity revokes suspension of teacher who called RSS-BJP 'proto-fascist'

Tags:    

Similar News