ഡല്‍ഹി കലാപക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഖാലിദ് സെയ്ഫിക്ക് ജാമ്യം

Update: 2020-09-11 12:22 GMT

ന്യൂ ഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സംഘപരിവാരം ആസൂത്രിതമായി നടപ്പാക്കിയ മുസ് ലിം വിരുദ്ധ വംശീയാതിക്രമത്തിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെടുത്തി അറസ്റ്റ് ചെയ്ത യുനൈറ്റഡ് എഗയ്ന്‍സ്റ്റ് ഹേറ്റ് സ്ഥാപകന്‍ ഖാലിദ് സെയ്ഫിക്കു ജാമ്യം. ഫെബ്രുവരി 26ന് ജഗത്പുരി പോലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ 44 പ്രകാരം അറസ്റ്റിലായ ഇദ്ദേഹത്തിനു അഡീഷനല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്താണ് ജാമ്യം അനുവദിച്ചത്. ഡല്‍ഹി മുസ്ലിം വംശഹത്യയ്ക്കിടെ പരിക്കേറ്റവരെ കൊണ്ടുപോയ

    ആംബുലന്‍സ് പോലിസ് തടഞ്ഞതിനെതിരേ ആരോഗ്യ വകുപ്പിലെ തന്റെ സുഹൃത്തുക്കളെ ബന്ധപ്പെട്ട് എയിംസില്‍ നിന്നു ആംബുലന്‍സ് ഏര്‍പ്പാട് ചെയ്യാനും പുലര്‍ച്ചെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാളിന്റെ വസതിക്കു മുന്നിലെത്തുകയും ചെയ്തപ്പോഴാണ് ഖാലിദ് സെയ്ഫുയെ കസ്റ്റഡിയിലെടുത്തത്. യുവ വ്യാപാരിയായ സെയ്ഫി അന്നുമുതല്‍ ജയിലിലാണ്. ഖാലിദ് പോലിസുമായി മുഖാമുഖം സംസാരിക്കുന്നതും റോഡില്‍ നിന്നു അദ്ദേഹത്തെ പോലിസ് വാഹനത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍

    സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിനു ശേഷം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ വീല്‍ ചെയറില്‍ ഇരുകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ് പ്ലാസ്റ്റര്‍ ചെയ്ത നിലയിലായിരുന്നു. മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷക റബേക്ക ജോണിന്റെയും സഹപ്രവര്‍ത്തകരായ അഭിഭാഷകരുടെയും ഇടപെടലില്‍ മാര്‍ച്ച് 21ന് കാര്‍കര്‍ദൂമ കോടതിയില്‍ നിന്നു ജാമ്യം ലഭിച്ചെങ്കിലും അന്ന് തന്നെ പാട്യാല കോടതിയില്‍ ഹാജരാക്കി 6 ദിവസത്തേക്ക് മറ്റു കേസ് ചുമത്തി.

    ''എനിക്ക് സന്തോഷം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. അതിയായ സന്തോഷമുണ്ട്. അദ്ദേഹത്തിന് ജാമ്യം ലഭിക്കുന്നതില്‍ കുട്ടികള്‍ വളരെ ആവേശത്തിലാണ്. ഞങ്ങള്‍ എല്ലാവരും ഏകദേശം രണ്ട് മാസമായി ഇതിനായി കാത്തിരിക്കുകയായിരുന്നു'-സെയ്ഫിയുടെ ഭാര്യ 33-കാരിയായ നര്‍ഗീസ് സെയ്ഫി പറഞ്ഞു.



Tags:    

Similar News